വാമനപുരത്ത് ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം; കോണ്‍ഗ്രസെന്ന് ആരോപണം

Update: 2021-01-04 02:19 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ചൊല്ലിയുള്ള ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുന്നു. വാമനപുരത്ത് മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഖാലിദിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മുസ് ലിം ലീഗ് ആരോപിച്ചു. സംഭവത്തില്‍ പാലോട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ ഒന്നോടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഖാലിദിന്റെ വീടാക്രമിച്ചത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത സംഘം ഖാലിദിന്റെ കാറിന് നേരെയും ആക്രമണം നടത്തി.

    പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നിര്‍ദേശിച്ചയാള്‍ക്കു പകരം ലീഗിലെ തന്നെ മറ്റൊരാള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസും പ്രകടനം നടത്തി. തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് വീടാക്രമണമെന്നും പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ലീഗ് ആരോപിക്കുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലിസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News