ഇടതു സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുന്നു: പി എം എ സലാം

മുസ്‌ലിം സമുദായത്തെ ദ്രോഹിക്കാന്‍ എകെജി സെന്ററില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Update: 2021-11-13 13:13 GMT

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസ്്‌ലിം സമുദായത്തോട് വളരെയേറെ ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പെരുമാറുന്നതെന്ന് മുസ് ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി എം എ സലാം. മുസ്‌ലിം സമുദായത്തെ ദ്രോഹിക്കാന്‍ എകെജി സെന്ററില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രമേല്‍ ക്രൂരമാവാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് മനസിലാവുന്നില്ല. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടത്തിയവര്‍ക്കെതിരേയുള്ള കേസുകള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് അധികാരത്തിലേറുന്നതിന് മുമ്പ് പിണറായി പറഞ്ഞിരുന്നത്. എന്നാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല, ഈകേസുമായി ബന്ധപ്പെട്ട് ഇന്നും മത, രാഷ്ട്രീയ, സംസ്‌കാരിക പ്രമുഖര്‍ കോടതി വരാന്തകള്‍ കയറി ഇറങ്ങുകയാണ്. കേസില്‍ പിഴയായി ലക്ഷക്കണക്കിന് രൂപയാണ് വിവിധ സംഘടനകള്‍ നല്‍കേണ്ടി വരുന്നത്. മുസ്‌ലിം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് ഇവരുടെ മുസ്്‌ലിം വിരോധം.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭ പാസാക്കുകയുണ്ടായി. പതിനായിരം തസ്തികയുള്ള ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിന് പകരം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിശ്വാസികളുടെ നിര്‍ബന്ധപ്രകാരമാണ് പിഎസ്‌സിക്കു വിടുമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്ന ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ മാറ്റിയത്. എന്നാല്‍, വഖഫ് ബോര്‍ഡ് നിയമനങ്ങളുടെ കാര്യത്തില്‍ ഇങ്ങിനെ ഉണ്ടായില്ല. ഇവിടെയാണ് സിപിഎമ്മിന്റെ വര്‍ഗീയ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. വഖഫ് ബോര്‍ഡിലേക്ക് പ്രത്യേക റിക്രൂട്ടിങ് ഏജന്‍സിയെ നിയമിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പോലെ അവസാനം മുസ്്‌ലിം സമൂഹത്തിന് എതിരായ നിയമനങ്ങളായി വഖഫ് നിയമനങ്ങളും മാറും. തീര്‍ത്തും മതപരമായ കാര്യങ്ങളാണ് വഖഫുമായി ബന്ധപ്പെട്ട് നടക്കേണ്ടത്. ശരീഅത്ത് നിയമം കൂടെ പരിഗണിക്കേണ്ടതുള്ളതിനാല്‍ മുസ്‌ലിം വിഭാഗം തന്നെ അത് കൈകാര്യം ചെയ്യണം.

മുസ്‌ലിങ്ങള്‍ക്ക് മാത്രമേ വഖഫ് ബോര്‍ഡില്‍ നിയമനം നല്‍കൂ എന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്. മതേതര സംവിധാനത്തില്‍ നിന്നു കൊണ്ട് പിഎസ്‌സി പോലെയുള്ള ഒരു ഏജന്‍സിക്ക് ജാതിയും മതവും നോക്കി ജോലി നല്‍കാന്‍ സാധിക്കില്ല. കോടതിയെ സമീപിച്ചാല്‍ ഭാവിയില്‍ മറ്റു മതസ്തര്‍ക്ക് കൂടി നിയമനം നല്‍കേണ്ടി വരും. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിന് എതിരേ നിയമ നടപടികള്‍ മുസ്്‌ലിംലീഗ് ആരംഭിക്കും. മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും. എല്ലാ മുസ്്‌ലിം സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എന്തിനായിരുന്നു ഇത്രധൃതിപിടിച്ചുള്ള ഈ ബില്ലെന്ന ചോദ്യവും ഈഘട്ടത്തില്‍ പ്രസക്തമാണ്. ഇത്ര ധൃതിയില്‍ ഇത് ചെയ്യേണ്ടതുണ്ടോ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാലഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ വെച്ചാണ് സര്‍ക്കാറിന്റെ കളി. മരംമുറി വിവാദം ഉള്‍പ്പെടെ സര്‍ക്കാറിന്റെ നെറികെട്ട കളികള്‍ കേരളം കണ്ടതാണ്. ഇത്തരത്തിലുള്ള അടിയന്തിര പ്രധാന്യവിഷയങ്ങളെ മാറ്റിവെച്ച് മുസ്‌ലിം സമുദായത്തിന് നേരെ വാളോങ്ങുന്നതിന്റെ കാര്യമെന്താണ്. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ കാര്യവും സമാനമാണ്. ഇത്തരം ആനുകൂല്യങ്ങളെ മുസ്്‌ലിം സമുദായത്തില്‍ നിന്നും തട്ടിയെടുത്ത് സിപിഎം എന്താണ് ഉദ്ദേശിക്കുന്നത്. സംഘ പരിവാര്‍ പോലും കാണിക്കാത്ത വിവേചനമാണ് ചിലവിഷയങ്ങളില്‍ സിപിഎം കാണിക്കുന്നത്. മുസ്‌ലിങ്ങളെ മനഃപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ മുസ്്‌ലിംലീഗ് ശക്തായ പ്രതിഷേധം തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News