നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സവര്‍ണാധിപത്യം; സ്ത്രീകളെയും തഴഞ്ഞു

Update: 2021-03-14 14:27 GMT

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള കോണ്‍ഗ്രസ് പട്ടികയില്‍ 9 വനിതകള്‍ മാത്രം. ആകെ പ്രഖ്യാപിച്ച 86 സീറ്റിലാണ് 9 വനിതകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഏകദേശം ആകെ സീറ്റിന്റെ 10 ശതമാനം വരും. നായര്‍ വിഭാഗത്തിന് സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ 29 ശതമാനം സീറ്റ് നീക്കിവച്ചപ്പോള്‍ ഈഴവരെ 15 ശതമാനത്തില്‍ ഒതുക്കി. പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് ഏകദേശം ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.

യുഡിഎഫ് പട്ടികയില്‍ നായര്‍ വിഭാഗത്തില്‍ നിന്ന് 25 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്ന് 10, എസ് ടി 2, ഈഴവര്‍ 13, ഒബിസി 6, മുസ് ലിം 8, ക്രിസ്ത്യാനികള്‍ 22 എന്നിങ്ങനെയാണ് കണക്ക്. ഇതുവരെ പ്രഖ്യാപിച്ച സീറ്റിന്റെ എണ്ണം വച്ച് പരിശോധിച്ചാല്‍ ഈഴവര്‍ക്ക് 15 ശതമാനം സീറ്റാണ് നല്‍കിയിരിക്കുന്നത്. ജനസംഖ്യയില്‍ 23 ശതമാനത്തോളം ഈഴവരുണ്ട്. നായര്‍ ജാതിയിലുള്ളവര്‍ക്ക് 29 ശതമാനം സീറ്റ് നല്‍കിയിരിക്കുന്നു. ജനസംഖ്യയില്‍ നായന്മാരുടെ എണ്ണം 15 ശതമാനമാണ്. 26.5 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് ആകെ ലഭിച്ചത് 9.3 ശതമാനമാണ്. എന്നാല്‍ ജനസംഖ്യയില്‍ 18.83 ശതമാനം മാത്രമുള്ള ക്രിസ്ത്യാനികള്‍ക്ക് 25 ശതമാനം സീറ്റ് ലഭിച്ചു. സംവരണത്തിന്റെ പരിധിയില്‍ പെടുന്നതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് ഏറക്കുറെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ലഭിച്ചു.

കേരളത്തില്‍ 55 ശതമാനം ഹിന്ദുക്കളും 26.5 ശതമാനം മുസ്‌ലിംകളും 18.38 ശതമാനം ക്രിസ്ത്യാനികളുമാണ് ഉള്ളത്. ഇതില്‍ 23 ശതമാനമാണ് ഈഴവര്‍. 15 ശതമാനം നായന്മാരും 10 ശതമാനം പട്ടികജാതിക്കാരും 1.14 ശതമാനം പട്ടികവര്‍ഗക്കാരുമാണ്.

25-50 വയസ്സിനിടയിലുള്ള 46 ആളുകളാണ് പട്ടികയില്‍ ഉള്ളത്. 51 നും 60 നും ഇടയിലുള്ള 22 പേരും 60നും 70 നും ഇടയിലുള്ള 15 പേരും 70ന് മുകളിലുള്ള മൂന്ന് പേരുമാണ് പട്ടികയില്‍ ഉള്ളത്. 55 ശതമാനത്തിലേറെ സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണ്.

92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 ഇടത്തെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് അവതരിപ്പിച്ചത്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, തവനൂര്‍., പട്ടാമ്പി, കുണ്ടറ തുടങ്ങി ആറ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ല. അവിടത്തെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും.

Tags:    

Similar News