പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളില്‍ അധികാര പദങ്ങള്‍ വേണ്ട; നിര്‍ദ്ദേശവുമായി ഔദ്യോഗിക ഭാഷ വകുപ്പ്
കോഴിക്കോട്: പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളില്‍ അധികാര പദങ്ങള്‍ വേണ്ടെന്ന് ഔദ്യോഗിക ഭാഷ വകുപ്പ്. സൗഹൃദ പദങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും നിര്‍ദ്ദേശം നല്‍കി. ഒറ്റപ്പാലം സബ് കലക്ടറുടെ കത്തിലെ ഭാഷ പ്രയോഗത്തിനെതിരെ സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ബോബന്‍ മാട്ടുമന്ത നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഒറ്റപ്പാലത്തെ കോടതി കെട്ടിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിക്ക് ലഭിച്ച മറുപടിയിലെ പ്രയോഗമാണ് ഔദ്യോഗിക ഭാഷ വകുപ്പിന്റെ ഇടപടെലിന് കാരണണായത്. ' താങ്കള്‍ കൃത്യമായും ഈ കാര്യാലയത്തില്‍ നേരില്‍ ഹാജരാവേണ്ടതാണ് ' എന്ന കത്തിലെ വരിയാണ് പരാതിക്ക് അടിസ്ഥാനം.
മുകളില്‍ സൂചിപ്പിച്ച വരികളില്‍ തെളിയുന്നത് അധികാരത്തിന്റെ സ്വരമാണെന്നും കൃത്യമായും എന്ന വാക്ക് നിര്‍ബന്ധമായും എന്ന അര്‍ത്ഥമാണ് പ്രദാനം ചെയ്യുന്നതെന്നും നേരില്‍ ഹാജരാവേണ്ടതാണ് എന്ന വാക്ക് ഹാജരായില്ലെങ്കില്‍ അത് കുറ്റമാണെന്നോ? ഹാജരാവേണ്ടത് പരാതിക്കാരന്റെ നിയമപരമായ ബാധ്യതയാണ് എന്നോ തോന്നല്‍ ഉണ്ടാക്കുന്നു എന്ന് ബോബന്‍ പരാതി നല്‍കിയിരുന്നു. ഇത് പരിശോധിച്ചാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ജോയിന്റ് സെക്രട്ടറി മീര എസ് സബ് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കിയത്.
ജനങ്ങള്‍ ഭരണ സംവിധാനത്തോട് വിധേയത്വമില്ലാതെ, അവകാശബോധത്തോടെ ഒപ്പംചേര്‍ന്ന് നില്‍ക്കണമെങ്കില്‍ നിലവില്‍ തുടര്‍ന്നു വരുന്ന ഭരണഭാഷയിലെ അധികാര പദങ്ങള്‍ ഉപേക്ഷിച്ച് പകരം സൗഹൃദ പദങ്ങള്‍ക്ക് ഇടം നല്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.