ചിലിയിലെ നിയുക്ത പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെ ജീവിതവും സമീപനങ്ങളും
ഗബ്രിയേല്‍ ബോറിക് ചിലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചിലിയിലെ മാത്രമല്ല, ലോകത്തെതന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവനാണ് മുന്‍ വിദ്യാര്‍ത്ഥി നേതാവുകൂടിയായ അദ്ദേഹം. 55കാരനായ ഹൊസെ അന്തോണിയോ കാസറ്റെയെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. ബോറിസ് 56 ശതമാനം വോട്ട് നേടിയപ്പോള്‍ ഹൊസെ 44 ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെട്ടു. ഈ മാര്‍ച്ചിലാണ് ഇപ്പോഴത്തെ പ്രസിഡന്റ് പിനെറയുടെ കാലാവധി അവസാനിക്കുക. തുടര്‍ന്ന് ബോറിക് പ്രസിഡന്റായി സ്ഥാനമേല്‍ക്കും.
ചിലിയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നാണ് പൊതു വിലയിരുത്തല്‍. 2019ല്‍ തലസ്ഥാനമായ സാന്റിയാഗൊവില്‍ സബ് വെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭം പിന്നീട് രാജ്യ വ്യാപകമാവുകയും അത് പിന്നീട് രാജ്യത്തിന്റെ വലത്‌വല്‍ക്കരണ നീക്കത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ കലാശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചിലി അമ്പത് വര്‍ഷത്തിനുശേഷം ഇടത് പക്ഷത്തേക്ക് ചാഞ്ഞത്. ജീവിതച്ചെലവും സ്വകാര്യവല്‍ക്കരണവും അസമത്വവും ഈ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുകയും ചെയ്തു.
വലത് തീവ്രവാദിയായി അറിയപ്പെടുന്ന ഹൊസെക്കെതിരേ വമ്പന്‍ നീക്കമാണ് ബോറിക് നടത്തിയത്. ഫാഷിസത്തിനെതിരേ തന്നെത്തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ചിലി ടുഡെ എന്ന പത്രം പറയുന്നത് അദ്ദേഹം പ്രചാരണ തന്ത്രത്തില്‍ ഒബാമയെ അനുസ്മരിപ്പിച്ചുവെന്നാണ്. ഭയത്തിനു പകരം പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ കേന്ദ്ര പ്രമേയം.
16 വര്‍ഷം നീണ്ടുനിന്ന സൈനിക ഭരണത്തിന്റെ ഓര്‍മ ഇക്കാര്യത്തില്‍ ബോറിക്കിനെ തുണച്ചിരിക്കണം. അമേരിക്കന്‍ പിന്തുണയുള്ള പിനോഷെയുടെ 1973മുതല്‍ 1990 വരെയുള്ള ഭരണം സംഘര്‍ഷങ്ങള്‍ക്കൊണ്ടും പീഡനങ്ങള്‍ക്കൊണ്ടും ചിലിയന്‍ ജനതയ്ക്ക് നല്‍കിയത് ദുസ്വപ്‌നത്തിനു സമാനമായ അനുഭവമാണ്. ഇക്കാലത്ത് 3,000ത്തോളം പേര്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു. ആയിരത്തോളം പേര്‍ക്ക് നാടുവിടേണ്ടി വന്നു.
എതിരാളിയായ കാസ്റ്റ് ആകട്ടെ പിനഷെയുടെ പൈതൃകമാണ് തിരഞ്ഞെടുപ്പില്‍ വിഷയമാക്കിയത്. പിനോഷെയുമായി ഇദ്ദേഹത്തിന് കുടുംബബന്ധം കൂടിയുണ്ട്. അതും ഈ നയത്തിനു കാരണമായിട്ടുണ്ട്. കാസ്റ്റയുടെ സഹോദരന്‍ മിഗുല്‍, പിനോഷെ ഭരണകാലത്ത് സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റായി സേവനമുഷ്ടിച്ചു.
പിനോഷെ ജീവിച്ചിരുന്നെങ്കില്‍ തനിക്ക് വോട്ട് ചെയ്യുമായിരുന്നുവെന്നും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഒരുമിച്ച് ചായ കുടിക്കുമായിരുന്നുവെന്നും കാസ്റ്റ 2017ല്‍ പറഞ്ഞു.
ബോറിക്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വരവ് യാദൃച്ഛികമായിരുന്നു. പ്രിസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് ആവശ്യമായ മിനിമം വോട്ട് പോലും ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തിന് നേടാനായില്ല. ഇക്കാര്യത്തില്‍ സാന്റിയാഗൊ മേയറേക്കാള്‍ പിറകെയായിരുന്നു ബോറിക്. പിന്നീടാണ് അദ്ദേഹം ഇടത് പ്രതിനിധിയാവുന്നത്.
രാജ്യത്തെ യുവരക്തത്തിന്റെ പ്രതിനിധിയായാണ് ബോറിക് സ്ഥാനമേറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വിജയത്തില്‍ വലിയ പങ്കുവഹിച്ചു. ബോറിക് ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ പരിചയസമ്പന്നല്ലെന്ന പ്രതിപക്ഷ വിമര്‍ശനം അദ്ദേഹത്തിന് ഗുണം ചെയ്‌തെന്നാണ് റിപോര്‍ട്ട്.
പൗരന്മാര്‍ ഉപഭോക്താക്കളായോ കച്ചവടത്തിന്റെ ഭാഗമായോ അല്ല പരിഗണിക്കപ്പെടുകയെന്നും ജനങ്ങളുടെ അവകാശത്തിനായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം തന്റെ വിജയം ആഘോഷിക്കാന്‍ തടിച്ചുകൂടിയ അനുയായികളോട് പറഞ്ഞു. സ്വവര്‍ഗ ലൈംഗികത, ഗര്‍ഭച്ഛിദ്രം, ആരോഗ്യമേഖലയില്‍ സാര്‍വത്രിക ഇന്‍ഷുറന്‍സ് പദ്ധതി, ദാരിദ്രനിര്‍മാര്‍ജന പദ്ധതി തുടങ്ങി നിരവധി മേഖലയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ യുവാക്കള്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ വലിയ സ്വാധീനം ചെലുത്തി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ നിര്‍മാണ സഭ, ചിലിയില്‍ പുതിയ ഭരണഘടന തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷം ചിലിയുടെ ചരിത്രത്തില്‍ സുപ്രധാനമാണ്. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന ആ പ്രക്രിയയുടെ ഭാഗമായി 2022ല്‍ റഫറാണ്ടം നടക്കാനിരിക്കുകയാണ്. പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അവസാന കണികയും തുടച്ചുനീക്കുന്ന ഈ പ്രക്രിയ നടക്കുമ്പോള്‍ ബോറിക് പ്രസിഡന്റായിരിക്കുന്നത് ചരിത്രപരമെന്നു വേണം കണക്കാക്കാന്‍.
1989ലാണ് ബോറിക്കിന്റെ ജനനം. പിതാവ് ഒരു കെമിക്കല്‍ എഞ്ചിനീയറാണ്. സ്പാനിഷ് വംശജന്‍. ചിലിയിലെ ലൊ കോളജില്‍ നിയമപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. പഠന കാലത്തുതന്നെ ഇടത് പക്ഷത്ത് നിലയുറപ്പിച്ച് സമരങ്ങളില്‍ സജീവമായി. കോളജ് പഠനകാലത്ത് വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്റായിരുന്നു. 2013ല്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു, 26.18 ശതമാനം വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടു.