ലൈഫ് മിഷന്‍: കേരളത്തിന്റെ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് സുപ്രിം കോടതി നോട്ടീസ്

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. വി വിശ്വനാഥ് വാദിച്ചു.

Update: 2021-01-25 11:22 GMT

ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സിബിഐ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലും കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്.


ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. വി വിശ്വനാഥ് വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയും എന്‍ഐഎയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനായി സംസ്ഥാനങ്ങളില്‍ എത്തുന്നത് ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.


പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. അത് സംസ്ഥാന വിജിലന്‍സ് അന്വേഷിക്കുന്നുണ്ട് - സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.


കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തത്. ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥും സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് വാദിച്ചു.




Tags:    

Similar News