ദമ്മാം: ജീവകാരുണ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ വ്യത്യസ്തയായിരുന്ന മരണപ്പെട്ട സഫിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സഫിയയുടെ ജീവിതത്തിനൊപ്പം നടന്ന ഒരു കൂട്ടം കലാകാരന്മാരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഈ ജീവിതം തിരശ്ശീലയില്‍ പതിയുന്നത്. ഡോക്യുമെന്ററിയോ ഷോര്‍ട്ട്ഫിലിമായോ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടും സഫിയയുടെ ജീവിതത്തിന്റെ പകുതി പോലും പറയാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സിനിമ എന്ന സ്വപ്നത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള പിന്തുണയുമായി വ്യവസായികളും വ്യാപാരികളും കലാകാരന്മാരുമായ നിരവധി പേര്‍ രംഗത്ത് വന്നതോടെ വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുകയാണ്.
സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സിനിമ എന്ന പ്രത്യേകതകൂടി ഈ സിനിമക്കുണ്ട്.
'തേജോമയ' പ്രൊഡക്?ഷന്‍സിന്റെ ബാനറില്‍ സതീഷ്‌കുമാര്‍ ജുബൈല്‍, നിതിന്‍ കണ്ടേമ്പത്ത്, ജേക്കബ് ഉതുപ്പ്, മഹേന്ദ്രന്‍ ജനാര്‍ദ്ധനന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. സഹീര്‍ഷാ കൊല്ലമാണ് സംവിധാനം. എഴുത്തുകാരി സബീന എം സാലിയുടെ തണല്‍പ്പെയ്ത് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സഫിയയുടെ ജീവിത കഥയുടെ ദൃശ്യ ഭാഷ വികസിക്കുന്നത്. തിരക്കഥയും സബീന എം സാലി തന്നെയാണ്.
പുരുഷന്‍മാര്‍ക്ക് മാത്രം മേധാവിത്തമുണ്ടായിരുന്ന സൗദിയിലെ ജീവകാരുണ്യ മേഖലയില്‍ വിസ്മരിക്കാന്‍ കഴിയാത്ത അടയാളപ്പെടുത്തലുകളാണ് സഫിയ നടത്തിയത്. വീട്ടുകാരികളായ നിരവധി സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സഫിയയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. സഫിയയുടെ പ്രവര്‍ത്തങ്ങളിലെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ് സൗദി അധികൃതര്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ദമ്മാമിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും അവര്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. കാന്‍സര്‍ ബാധിതയായ അവര്‍ 2015 ജനുവരിയില്‍ ലേക്‌ഷോര്‍ ആശുപത്രിയിലാണു മരണമടഞ്ഞത്. സഫിയയുടെ ജീവിതം പറയുമ്പോള്‍ പ്രവാസത്തിന്റെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറിച്ച് പറയാനാവുമെന്നും സൗദിയിലെ നിരവധി കലാകാരന്മാര്‍ക്ക് അവസരമൊരുക്കുമെന്നും സംവിധായകന്‍ സഹീര്‍ ഷാ പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖ നടിയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ഗള്‍ഫിലും, നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും സഹീര്‍ഷാ പറഞ്ഞു.