ലൈഫ് പദ്ധതി പ്രതിസന്ധിയില്‍; ഭവനരഹിതരെ വഞ്ചിച്ചെന്ന് കെ സുധാകരന്‍

ലൈഫ് പദ്ധതി വഴി സംസ്ഥാനത്ത് 9,20,256 പേര്‍ അപേക്ഷിച്ചതില്‍ വെറും 2,06,064 പേരുടെ പരിശോധനകള്‍ മാത്രമാണ് പൂര്‍ത്തിയായത്.

Update: 2021-11-30 13:58 GMT

തിരുവനന്തപുരം: വീടില്ലാത്ത പാവപ്പെട്ടവര്‍ പ്രളയത്തിലും കൊവിഡ് മഹാമാരിയിലും നരകയാതന അനുഭവിക്കുമ്പോള്‍, രാഷ്ടീയമേല്‍ക്കോമയ്ക്ക് സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ വന്‍ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇത് ഭവനരഹിതരോടു കാട്ടുന്ന കടുത്ത വഞ്ചനയാണ്.

വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം 22 ശതമാനം അപേക്ഷകളില്‍ മാത്രമാണ് പരിശോധന പൂര്‍ത്തിയായത്. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി കൃഷിതദ്ദേശ വകുപ്പുകള്‍ തമ്മില്‍ നടക്കുന്ന അടിയാണ് ലൈഫ് പദ്ധതിയെ വന്‍ പ്രതിസന്ധിയിലാക്കിയത്. ഇത് പരിഹരിക്കേണ്ട സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വം ഉദ്യോഗസ്ഥ ചേരിപ്പോരിന് വളംവച്ചുകൊടുത്തു.

ലൈഫ് പദ്ധതി വഴി സംസ്ഥാനത്ത് 9,20,256 പേര്‍ അപേക്ഷിച്ചതില്‍ വെറും 2,06,064 പേരുടെ പരിശോധനകള്‍ മാത്രമാണ് പൂര്‍ത്തിയായത്. കോഴിക്കോട്,വയനാട്,തിരുവനന്തപുരം ജില്ലകളില്‍ 30 ശതമാനം അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ല. മറ്റു ജില്ലകളിലെ സ്ഥിതി ഇതിലും പരിതാപകരമാണ്.

പാലക്കാട് ജില്ലയില്‍ 1.36 ലക്ഷം അപേക്ഷകളില്‍ 1.22 ലക്ഷം അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഇടുക്കിയില്‍ 38122 അപേക്ഷകളില്‍ വെറും 5712 എണ്ണം മാത്രമാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

ഒന്നാം പിണറായി സര്‍ക്കാര്‍ 2020ല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്വീകരിച്ച അപേക്ഷകളില്‍ 17 മാസം അടയിരുന്നു. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 9 ലക്ഷം അപേക്ഷ സ്വീകരിച്ചെങ്കിലും ഒന്നര വര്‍ഷമായിട്ടും ഗുണഭോക്താക്കളുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സര്‍ക്കാര്‍ അനങ്ങിയത്. വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച് ലൈഫ് മിഷന് കീഴിലാക്കിയതോടെയാണ് സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതി നിലച്ചത്.

2016 മുതല്‍ 2021 വരെ കാലഘട്ടത്തില്‍ രണ്ടു ലക്ഷത്തില്‍ താഴെ വീടുകള്‍ മാത്രമാണ് പിണറായി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയത്. 5 ലക്ഷം വീടുകളായിരുന്നു വാഗ്ദാനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ നാലു ലക്ഷത്തിമുപ്പത്തിനാലായിരം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഭവനരഹിതര്‍ക്ക് വീട് വച്ചു നല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രചാരണമാക്കിയില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ആഘോഷമാക്കി നവകേരള സ്വപ്നം എന്നൊക്കെ പറഞ്ഞ് വലിയ സംഭവമാക്കി മാറ്റാന്‍ ശ്രമിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന പദ്ധതിയായി ലൈഫ് മിഷന്‍ മാറിയിരിക്കുകയാണെന്നും ഇത് അധികാര വികേന്ദ്രീകരണത്തിന് എതിരാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News