ലിജേഷ് പ്രഫഷണല്‍ കള്ളന്‍; വീട്ടില്‍ നിന്ന് പോവുന്നതും വരുന്നതും ഭാര്യ പോലും അറിഞ്ഞില്ലെന്ന്

മാസ്‌ക് ധരിച്ചെത്തി 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി.

Update: 2024-12-02 12:34 GMT

കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി വ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടത്തിയ ലിജേഷ് പ്രഫഷണല്‍ കള്ളന്‍. ഭാര്യ പോലും അറിയാതെയാണ് ലിജേഷ് മോഷണത്തിന് പുറത്ത് പോയിരുന്നതും തിരിച്ചുവന്നിരുന്നതും. സിസിടിവി കാമറയില്‍ മുഖം പതിയായിരിക്കാന്‍ മുഖംമൂടിയണിഞ്ഞാണ് ലിജേഷ് അഷ്‌റഫിന്റെ വീട്ടിലെത്തിയത്. എന്നാല്‍, ക്യാമറയില്‍ തന്റെ രൂപം പതിയാതിരിക്കാന്‍ ഒരു ക്യാമറ ലിജേഷ് തിരിച്ചുവച്ചു. ഇതുപക്ഷെ, അബദ്ധത്തില്‍ തിരിഞ്ഞത് കിടപ്പുമുറിയുടെ ഉള്ളിലേക്കായിരുന്നു. ജനലിലെ ഗ്രില്‍ മാറ്റി അകത്തുകടന്ന ലിജേഷ് ഒരു കര്‍ട്ടന്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖം ഭാഗികമായി ക്യാമറയില്‍ പതിഞ്ഞു.

ഇതോടെ കഷണ്ടിയുള്ള കള്ളനെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. പോലിസിന്റെ ഡാറ്റാ ബേസിലെ കഷണ്ടിയുള്ള രണ്ട് കള്ളന്‍മാരെ പോലിസ് സംഘം ചോദ്യം ചെയ്തു. അവരില്‍ ഒരാള്‍ തൃശൂരിലും മറ്റേയാള്‍ വടകരയിലുമായിരുന്നു. അതോടെയാണ് അന്വേഷണം വേറൊരു തലത്തിലേക്ക് കൊണ്ടുപോവാന്‍ പോലിസ് തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തുള്ള നിരവധി പേരെ പോലിസ് കണ്ടിരുന്നുവെങ്കിലും ലിജേഷിന്റെ കഷണ്ടിയുടെ കാര്യത്തില്‍ സംശയമൊന്നും തോന്നിയില്ല. പക്ഷെ, തലയില്‍ കണ്ടെത്തിയ എട്ടുകാലി വലയാണ് കേസില്‍ വഴിത്തിരിവായത്.

നാട്ടിലെ അറിയപ്പെടുന്ന സമ്പന്നനായ അഷ്‌റഫിന്റെ വീട്ടില്‍ പണവും സ്വര്‍ണവും ഉണ്ടാവുമെന്ന ധാരണയിലാണ് ലിജേഷ് മോഷണത്തിന് തീരുമാനിച്ചത്. മാസ്‌ക് ധരിച്ചെത്തി 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി. മോഷ്ടിക്കാനായി വരുമ്പോള്‍ വീട്ടില്‍ ലോക്കര്‍ ഉണ്ടെന്ന് ലിജീഷിന് അറിയില്ലായിരുന്നു. അലമാരയില്‍ നിന്ന് ലോക്കറിന്റെ താക്കോല്‍ കിട്ടിയതോടെ ആ പണി എളുപ്പമായി. താക്കോല്‍ കിട്ടിയില്ലെങ്കിലും ലോക്കര്‍ പൊളിക്കാനുള്ള വഴികള്‍ അറിയുന്ന ആളാണ് ലിജേഷ്.

Similar News