സംസ്ഥാനത്ത് മദ്യത്തിന് വില കൂടും; വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വര്‍ധിക്കും. മദ്യ ഉല്‍പ്പാദകരില്‍ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതിയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്.
വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാവുന്ന നഷ്ടം ഒഴിവാക്കാനാണ് വില വര്‍ധിപ്പിച്ചത്. സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേണ്‍ ഓവര്‍ ടാക്‌സാണ് ഒഴിവാക്കുക. 1963ലെ കേരള ജനറല്‍ സെയില്‍സ് ടാക്‌സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി നാല് ശതമാനം വര്‍ധിപ്പിക്കും. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന് അവരുടെ വെയര്‍ഹൗസ് മാര്‍ജിന്‍ ഒരുശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
നിലവില്‍ കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ഡിസ്റ്റിലറികളില്‍ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍, വിദേശ മദ്യത്തിന് രണ്ടുശതമാനം വില വര്‍ധിക്കും. ഡിസ്റ്റിലറികളുടെ ടേണ്‍ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാവും. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവില്‍ ചുമത്തുന്ന സംസ്ഥാന പൊതുവില്‍പ്പന നികുതി നിരക്കില്‍ നാല് ശതമാനം വര്‍ധന വരുത്തും.
അതിനായി 1963ലെ കേരള പൊതു വില്‍പന നികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും. ഇതിന് ശേഷമായിരിക്കും പുതിയ നിരക്കില്‍ മദ്യം വില്‍ക്കുക. വിറ്റ് വരവ് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്യ ഉല്‍പ്പാദനം ഡിസ്റ്റിലറികളില്‍ നിര്‍ത്തിവച്ചിരുന്നു. ബെവ്‌ക്കോ വഴിയുളള മദ്യ വില്‍പ്പന ഇതേ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലായപ്പോഴാണ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചത്.