കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു; എട്ട് രൂപയോളം കൂടി

കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 55 മുതല്‍ 73 രൂപ വരെയെത്തും.

Update: 2024-01-15 10:34 GMT

കോഴിക്കോട്: സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയോളം വ‍ര്‍ധിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 55 മുതല്‍ 73 രൂപ വരെയെത്തും. ബിരിയാണിക്കുപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയര്‍ന്നു. ഏഴു രൂപയോളമാണ് വര്‍ധിച്ചത്. ചില്ലറ വിപണിയില്‍ കിലോക്ക് എഴുപത്തിരണ്ട് രൂപയോളമാണ് കോല അരിയുടെ വില. വില കുറയേണ്ട സമയമാണെങ്കിലും ജയ, കുറുവ നൂര്‍ജഹാന്‍ തുടങ്ങിയ ഇനങ്ങള്‍ക്കും വില താഴ്ന്നിട്ടില്ല. ആന്ധ്ര കുറുവക്ക് ചില്ലറ വിപണിയില്‍ 47 മുതല്‍ അമ്പത്തിനാലു രൂപ വരെ വിലയുണ്ട്. കയറ്റുമതി വര്‍ധിച്ചതും കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമൊക്കെയാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്. അന്ധ്ര,തമിഴ്നാട്,പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധനമായും അരിയെത്തുന്നത്. ഇവിടങ്ങളില്‍ വിളവെടുപ്പ് സീസണാകുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. 

Tags:    

Similar News