അടച്ചുപൂട്ടിയസ്ഥലത്ത് വീണ്ടും മദ്യശാല: തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

Update: 2022-07-22 18:11 GMT

മാള: സ്‌കൂളുകളും കോളേജുകളും ഐ ടി ഐ യും അടക്കം പതിനൊന്നോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്ലോക്ക് പഞ്ചായത്തടക്കം വരുന്ന നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മദ്യവില്‍പ്പന ശാലക്കെതിരെ പൊതുപ്രവര്‍ത്തകനായ ബിനോയ് അതിയാരത്ത് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി. മുന്‍പ് ഇവിടെ മദ്യശാല ഉണ്ടായിരുന്ന സമയത്ത് നിരവധി വിദ്യാര്‍ത്ഥികളാണ് മദ്യത്തിന് അടിമപ്പെട്ടിരുന്നതെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞു. 

വലിയപറമ്പില്‍ മുന്‍പ് സ്ഥിതിചെയ്തിരുന്ന മദ്യവില്‍പ്പനശാല പൊതുജനങ്ങളുടെ നിരന്തര പ്രതിഷേധങ്ങളുടെ ഫലമായി വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയിരുന്നു. വലിയപറമ്പില്‍ മദ്യവില്‍പ്പന ശാല വീണ്ടും ആരംഭിച്ചാല്‍ അത് വിദ്യാര്‍ത്ഥികളുടെയും വീട്ടമ്മമാരുടെയും ജീവിതത്തെ മോശമായ രീതിയില്‍ ബാധിക്കുമെന്നും വന്‍വിപത്തായി മാറുമെന്നും പരാതിയില്‍ പറയുന്നു. യാതൊരുവിധത്തിലുമുള്ള പാര്‍ക്കിംഗ് സൗകര്യങ്ങളോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്തിടത്ത് ലോഡ്ജ് ഉടമയും കോണ്‍ഗ്രസ്സ് നേതാവുമായ കെട്ടിടഉടമയുടെ സ്വാര്‍ത്ഥ താല്‍പ്പര്യവും ബന്ധങ്ങളുമാണ് മദ്യവില്‍പ്പനശാല വീണ്ടും വരുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.

മാള വെല്‍ഫെയര്‍ പാര്‍ട്ടിയും പുതുതായി വരുന്ന മദ്യവില്പനശാലക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ജനങ്ങളില്‍ നിന്നും വീണ്ടും ശക്തമായ പ്രതിഷേധമാണ് ഈ ജനവിരുദ്ധ നീക്കത്തിനെതിരെ ഉയരുന്നത്. 

Similar News