അന്തരീക്ഷതാപം വര്‍ധിക്കുന്നു: തദ്ദേശസ്ഥാപനങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിന് തനത്പ്ലാന്‍ ഫണ്ടില്‍നിന്ന് പണം ചെലവഴിക്കാന്‍ അനുമതി
ആലപ്പുഴ: ചൂട് അധികരിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമുള്ള ഇടങ്ങളില്‍ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. ചേംബറില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും തന്നത്/പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തി കുടിവെള്ള വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭാ സെക്രട്ടറിമാരും സ്വീകരിക്കണം.
മാര്‍ച്ച് 31 വരെ പഞ്ചായത്തുകള്‍ക്ക് കുടിവെള്ള വിതരണത്തിന് 5 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 11 ലക്ഷം രൂപയും ചെലവഴിക്കാം. അടുത്ത രണ്ടുമാസത്തേക്ക് പഞ്ചായത്തുകള്‍ക്ക് ഇത്തരത്തില്‍ 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് പതിനാറര ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന് ചെലവഴിക്കാമെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ട്. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണിവരെ സൂര്യതാപം നേരിട്ട് നില്‍ക്കുന്ന മേഖലയിലെ തൊഴില്‍ ഒഴിവാക്കണം. നിര്‍മ്മാണ തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവരൊക്കെ ഈ സമയക്രമം പാലിക്കണം. ഇത്തരത്തില്‍ തൊഴിലുടമകള്‍ സമയ ക്രമീകരണം മാറ്റണം. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ട് എന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ ഉറപ്പുവരുത്തണം.
ജില്ലയിലാകെ 453 കുടിവെള്ള കിയോസ്‌കുകള്‍ ഉണ്ട്. ഇവ പ്രവര്‍ത്തനസജ്ജമാക്കണം. കിയോസ്‌കുകള്‍ സജ്ജമാക്കിയ ശേഷം അക്കാര്യം ശനിയാഴ്ച വൈകുന്നേരത്തിന് മുമ്പ് കലക്ടറേറ്റില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു. കുടിവെള്ളവിതരണം എത്രയും പെട്ടെന്ന് ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, കെ എസ് ഇ ബി എന്നിവര്‍ തീപിടുത്തം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തണം. പാടത്ത് കൊയ്ത്തിന് ശേഷം വൈക്കോല്‍ തീയിടുന്നത് നിരോധിച്ചിട്ടുണ്ട്. വൈക്കോല്‍ ശേഖരിച്ച് അടിയന്തരമായി കൃഷിസ്ഥലത്ത് നിന്ന് നീക്കംചെയ്യണം. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ പരിശോധന നടത്തണമെന്നും യോഗം തീരുമാനിച്ചു. പോലിസിന്റെ ട്രാഫിക് ഡ്യൂട്ടിയില്‍ തീവ്രമായ ചൂടുള്ള സമയങ്ങളില്‍ വിശ്രമം കൂടുതല്‍ അനുവദിക്കുമെന്ന് പോലിസ് അധികൃതര്‍ അറിയിച്ചു.