ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്ന രീതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

Update: 2022-03-31 15:26 GMT

തൃശൂര്‍: പ്രാദേശികതലത്തില്‍ ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന രീതിയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ജനപക്ഷം ചേര്‍ന്ന് ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുന്നതിനും അവരുടെ ദുരിതം അവസാനിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തുമ്പോഴാണ് ജനകീയ മുഖമുള്ള ഭരണസമിതിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യഭവന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുന്നയൂര്‍ പഞ്ചായത്തിലെ 11, 14 വാര്‍ഡുകളിലായി വരുന്ന ഇരുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാണ് മത്സ്യഭവന്‍ കുടിവെള്ള പദ്ധതി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്നും 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് 19,32,000 രൂപയും വിനിയോഗിച്ച് ഒരു വര്‍ഷം കൊണ്ടാണ് പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചത്. അയ്യായിരം ലിറ്റര്‍ വെള്ളം സംഭരണശേഷിയുള്ള രണ്ട് ടാങ്കാണ് പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. സമീപത്തെ കിണറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ടാങ്കില്‍ സംഭരിക്കും. രണ്ട് വീടിന് ഒരു ടാപ്പ് എന്ന നിലയില്‍ വീടുകളിലേക്ക് പൈപ്പ് ലൈന്‍ വഴി കുടിവെള്ളം എത്തിക്കും. രാവിലെ വാര്‍ഡ് പതിനൊന്നിലേക്കും ഉച്ചയ്ക്ക് വാര്‍ഡ് പതിനാലിലേക്കും എന്ന രീതിയിലാണ് വെള്ളം തുറന്ന് വിടുക.

എടക്കഴിയൂര്‍ മത്സ്യഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം വി സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നാസര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹീം വീട്ടിപറമ്പില്‍, എ എസ് ശിഹാബ്, ജസ്‌ന ലത്തീഫ്, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമേരി, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News