മാളഃ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ വനിതാ സംവരണ വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായി മുന്നണികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അതാത് വാര്‍ഡുകളില്‍ പൊതുസമ്മതരായ വനിതകളെ കണ്ടെത്തുകയാണ് ലക്ഷ്യം. പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലാത്തവരെ സ്വതന്ത്ര ചിഹ്നത്തിന് പകരം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് ശ്രമം. തങ്ങള്‍ പ്രതിനിധാനം ചെയ്തിരുന്ന വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളായപ്പോള്‍ അവരവരുടെ ഭാര്യമാരേ മത്സരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ സാദ്ധ്യതയുള്ളവര്‍ ഇതിനകം വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ എല്‍ ഡി എഫിനും യു ഡി എഫിനും തുല്ല്യ സീറ്റുകളായിരുന്ന അന്നമനട ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണിയില്‍ സീറ്റ് വിഭജനം നടന്നെങ്കിലും പൂര്‍ണ്ണമായ തീരുമാനത്തിലെത്തിയിട്ടില്ല. 18 സീറ്റുകളുള്ള ഇവിടെ ഇത്തവണ സി പി എം 12, സി പി ഐ അഞ്ച്, ജനതാദള്‍ ഒന്ന് എന്നിങ്ങിനെയാണ് വിഭജനം നടത്തിയത്. സി പി ഐക്ക് ഇത്തവണയും അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചതെന്നതില്‍ വിഷമമുണ്ട്.
മാള ഏരിയ തലത്തില്‍ സി പി എമ്മിന്റെ കൈവശമുള്ള സീറ്റുകളില്‍ നാലെണ്ണം വിട്ട് കൊടുക്കാന്‍ തീരുമാനമായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം), ഐ എന്‍ എല്‍ എന്നീ കക്ഷികള്‍ക്കായാണ് കുഴൂര്‍, മാള, പുത്തന്‍ചിറ തുടങ്ങി നാലിടങ്ങളിലായി സീറ്റുകള്‍ വിട്ട് നല്‍കുന്നത്. മാളയിലും പുത്തന്‍ചിറയിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് എല്‍ ഡി എഫിന്റെ ലിസ്റ്റ് പുറത്ത് വിടാത്തത്.
യു ഡി എഫിന്റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇതിനിടെ എന്‍ ഡി എ കുഴൂര്‍ പഞ്ചായത്ത് തലത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ ഡി എ സഖ്യത്തില്‍ 12 വാര്‍ഡുകളില്‍ ബി ജെ പിയും രണ്ട് വാര്‍ഡുകളില്‍ ബി ഡി ജെ എസ്സുമാണ് മത്സരിക്കുന്നത്. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ രാജപ്പന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ എസ് എസ് കുഴൂര്‍ പഞ്ചായത്ത് സംയോജകന്‍ സുധീറിന്റെ സാന്നിദ്ധ്യത്തില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ എസ് വിനോദാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ട് ദിവസത്തിനകം ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് എങ്ങുമുള്ള പ്രതീക്ഷ.