കോൺഗ്രസ് പട്ടികയിൽ ചില സീറ്റുകളിൽ മാറ്റത്തിനു സാധ്യത; സുധാകരന്‍ മത്സരിച്ചേക്കില്ല
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതോടെ കണ്ണൂരില്‍ യുഡിഎഫിന് പുതിയ സ്ഥാനാര്‍ഥി വരാന്‍ സാധ്യതയേറി. നിലവിലെ സിറ്റിങ് എംപിമാരില്‍ സുധാകരന്‍ മാത്രമാണ് മത്സരത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷനായതിനാല്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നേതൃത്വം പൂര്‍ണ സമ്മതം നല്‍കിയിരുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിഗണിച്ചായിരുന്നു സുധാകരനു മേല്‍ മത്സരിക്കാനുള്ള സമ്മര്‍ദ്ദമുണ്ടായിരുന്നത്. എന്നാല്‍ മത്സരത്തിനില്ലെന്ന് വീണ്ടും അറിയിച്ച സ്ഥിതിക്ക് പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വത്തിന് കണ്ടെത്തേണ്ടി വരും. മത്സര രംഗത്ത് നിന്ന് മാറി പാര്‍ട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകാനാണ് സുധാകരന്‍ ഇപ്പോള്‍ എടുത്ത തീരുമാനമെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അറിയിച്ചു.
'സുധാകരന്‍ ശക്തനായ സ്ഥാനാര്‍ഥിയാണ്. എം വി ജയരാജനെ തോല്‍പ്പിക്കാന്‍ കുറച്ച് ശക്തി കുറഞ്ഞ സ്ഥാനാര്‍ഥി ആയാലും കുഴപ്പമില്ല' മുരളീധരന്‍ പറഞ്ഞു. പകരക്കാരുടെ പേര് നിര്‍ദേശിച്ചിട്ടില്ലെന്നും തീരുമാനമെടുക്കേണ്ടത് സ്‌ക്രീനിംഗ് കമ്മിറ്റിയാണെന്നും മുരളീധരന്‍ പറഞ്ഞു. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.