ലോകായുക്ത നിയമഭേദഗതി: സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി എകെജി സെന്ററില്‍ ചര്‍ച്ച നടത്തി
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്
തിരുവനന്തപുരം: നിയമ നിര്‍മ്മാണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. എകെജി സെന്ററില്‍ സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമമന്ത്രി പി രാജീവും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ നിന്നും മടങ്ങി. പിന്നാലെ മുഖ്യമന്ത്രിയും മന്ത്രി രാജീവും തിരിച്ചു പോയി.
ലോകായുക്ത നിയമ ഭേദഗതിയില്‍ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് ഈ നിയമസഭാ സമ്മേളനത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായ അസാധാരണ സാഹചര്യമാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളത്. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥിതി വിശേഷം കേരള രാഷ്ട്രീയ ചരിത്രത്തിലും അപൂര്‍വ്വം. ലോകായുക്ത നിയമ ഭേദഗതിയില്‍ സിപിഐ എതിര്‍പ്പ് എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന രാഷ്ട്രീയ ആകാംക്ഷയാണ് എല്ലാവര്‍ക്കമുള്ളത്. ഇതിനിടയിലാണ് പത്ത് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകുന്നത്.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കല്‍ അടക്കം ഭേദഗതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയില്‍ നിന്നുണ്ടാകും. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് തുടക്കം മുതല്‍ സിപിഐക്ക് എതിര്‍പ്പാണ്. ഇതിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയിലുള്ളത്. എകെജി സെന്ററില്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ സിപിഐ ആവശ്യത്തോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമല്ല.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതിയും നിയമസഭയിലെത്താനുള്ള സാധ്യതയുണ്ട് . നിലവില്‍ പുറത്ത് വന്ന ലിസ്റ്റില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഗവര്‍ണണ്‍റുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് വന്നാല്‍ അതിനെതിരെയും കനത്ത പ്രതിഷേധം സഭയില്‍ ഉയര്‍ന്നു വന്നേക്കും.
നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെയാണ്ടിവന്നതെന്ന് സ്പീക്കര്‍ പ്രതികരിച്ചിരുന്നു. നാളെ തുടങ്ങി സെപ്തംബര്‍ രണ്ട് വരെയാണ് സമ്മേളനം.