ലോകായുക്ത നിയമ ഭേദഗതി ബില്ല്; മന്ത്രിസഭാ യോഗത്തില്‍ ഭിന്നത

നിലവിലെ ഭേദഗതിയോടെയുള്ള ബില്ല് അംഗീകരിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാര്‍

Update: 2022-08-16 08:29 GMT

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ മന്ത്രിസഭാ യോഗത്തില്‍ ഭിന്നത. നിലവിലെ ഭേദഗതിയോടെയുള്ള ബില്ല് അംഗീകരിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാര്‍ കാബിനറ്റില്‍ അറിയിച്ചു. ബില്ലില്‍ ഇപ്പോള്‍ മാറ്റം വരുത്തിയാല്‍ നിയമ പ്രശ്‌നമുണ്ടാകുമെന്നും പിന്നീട് ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബില്‍ സഭയില്‍ വരുമ്പോള്‍ ഭേദഗതി നിര്‍ദ്ദേശിക്കാനാണ് സിപിഐ നീക്കം. സിപിഐയുടെ ഭേദഗതി ഔദ്യോഗിക ഭേദഗതിയായി പരിഗണിച്ച് സമവായ സാധ്യത തേടാനാണ് സിപിഎം ശ്രമം.

വിവാദ ലോകായുക്ത നിയമഭേദഗതിയില്‍ വലിയ ചര്‍ച്ചയും തര്‍ക്കവുമാണ് ഇന്ന് മന്ത്രിസഭാ യോഗത്തിലുണ്ടായത്. ഗവര്‍ണര്‍ ഒപ്പിടാത്തത് മൂലം അസാധവുമായ ഓര്‍ഡിനന്‍സിലെ അതേ വ്യവ്യസ്ഥകളോടെയുള്ള ബില്ലാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കെത്തിയത്. ഇത് പറ്റില്ലെന്നും സിപിഐക്ക് ഭേദഗതിയില്‍ ഭിന്ന നിലപാടുണ്ടെന്നും സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും എതിര്‍പ്പ് അറിയിച്ചു. അസാധുവായ ഓര്‍ഡിനന്‍സ് മുന്‍കാല പ്രാബല്യത്തോടെയാണ് ബില്ലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യവസ്ഥ മാറിയാല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്നും നിയമക്കുരുക്കിന് കാരണമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബില്‍ നിലവിലെ വ്യവസ്ഥയോടെ അവതരിപ്പിച്ച ശേഷം സിപിഐ ഉന്നയിക്കുന്ന ഭേദഗതി സര്‍ക്കാറിന്റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്ന് നിയമമന്ത്രി ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. വിശദമായ ചര്‍ച്ച വേണമെന്ന നിലപാട് സിപിഐ മന്ത്രിമാര്‍ ആവര്‍ത്തിച്ചപ്പോള്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, നിയമഭേദഗതിയില്‍ സിപിഐ ഉറച്ചുനില്‍ക്കുകയാണ്.

ലോകായുക്ത വിധിയെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ അപ്പീല്‍ പരിഗണിച്ച് തള്ളാമെന്നാണ് നിലവിലെ ഭേദഗതി. ഇതിന് പകരം അപ്പീലിന് സ്വതന്ത്ര സ്വഭാവമുള്ള ഉന്നതാധികാര സമിതി എന്നാണ് സിപിഐയുടെ ബദല്‍. 22ന് സഭാ സമ്മേളനം ചേരും മുമ്പ് സിപിഐയുമായി ചര്‍ച്ച നടത്തി സമവായത്തിനാണ് സിപിഎം ശ്രമം. പക്ഷെ സിപിഐയുടെ ഭേദഗതി അതേ പടി സിപിഐ അംഗീകരിക്കുമോ മറ്റെന്തെങ്കിലും ഭേദഗതിക്കാവുമോ സാധ്യത എന്നാണ് ഇനി അറിയേണ്ടത്. ഭിന്നത പ്രതിപക്ഷം സഭയിലും പുറത്തും ആയുധമാക്കും. സിപിഐയെ അനുനയിപ്പിച്ചാലും പ്രശ്‌നം തീരില്ല, നിയമസഭ ബില്‍ പാസ്സാക്കിയാലും പ്രാബല്യത്തിലാകാന്‍ ഗവര്‍ണ്ണര്‍ ഒപ്പിടണം. 

Tags:    

Similar News