ഫേസ്ബുക്കില്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല; നിയമഭേദഗതിയെക്കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും ലോകായുക്ത

ഫേസ്ബുക്കില്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല; നിയമഭേദഗതിയെക്കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും ലോകായുക്ത 14ാം വകുപ്പ് അനുസരിച്ച് റിപോര്‍ട്ട് കൊടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്

Update: 2022-02-11 09:08 GMT

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്ന് ലോകായുക്ത. കെടി ജലീലിന്റെ പേരെടുത്തു പറയാതെയായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. പട്ടികള്‍ എല്ലിന്‍ കഷണത്തിനായി ഗുസ്തിപിടിക്കട്ടേ എന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമര്‍ശം.

മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ല. 14ാം വകുപ്പ് അനുസരിച്ച് റിപോര്‍ട്ട് കൊടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്. പതിനാലാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്താന്‍ 22 വര്‍ഷമെടുത്തു. നിയമഭേദഗതിയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ടന്നാണ് തീരുമാനം. അവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ ഹരജി പരിഗണിക്കുന്നതിന് മുമ്പായാണ് ലോകായുക്തയുടെ പരാമര്‍ശമുണ്ടായത്. നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ മുന്‍ മന്ത്രി കെടി ജലീല്‍ നിരന്തരം ഫേസ്ബുക്കില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അഭയാ കേസിലെ നാര്‍കോ ടെസ്റ്റ് നടന്ന ലാബില്‍ സിറിയക് ജോസഫ് മിന്നല്‍ പരിശോധന നടത്തിയെന്നും സിറിയക് ജോസഫിന്റെ സഹോദരിക്ക് വിസി നിയമനം കിട്ടിയതുമടക്കമുള്ള കാര്യങ്ങളില്‍ ജലീല്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോകായുക്തയുടെ മറുപടിയെന്നുവേണം കരുതാന്‍.

Tags:    

Similar News