മുഹമ്മദ് അല്‍ അബ്ബാര്‍ ചെയര്‍മാന്‍; എംഎ യൂസഫലി ഡയറക്ടര്‍ ബോര്‍ഡ് അംഗം: യുഎഇയുടെ ആദ്യ ഡിജിറ്റല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു
ദുബായ്: ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്ക് ചുവടുറപ്പിക്കുന്ന യുഎഇയുടെ ആദ്യത്തെ ബാങ്കായ സാന്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു. ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന എമ്മാര്‍ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറാണ് സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാന്‍.
ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എംഎം യൂസഫലിയും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ്‌രംഗം കൂടുതല്‍ വൈവിധ്യവത്ക്കരണത്തിലേക്ക് കടക്കുമ്പോള്‍ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുകയാണ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ വ്യവസായികളായ എം എ യൂസഫലിയും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനുമായ കുമാര്‍ മംഗളം ബിര്‍ളയും അബുദാബി രാജകുടുംബാംഗങ്ങളും സാന്‍ഡ് ബാങ്കില്‍ നിക്ഷേപകരായിട്ടുണ്ട്.
യുവജനതയുടെ ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ ബാങ്കിംഗ് മേഖലക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ കാരണമായെന്ന് നിയുക്ത സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായ എം എ യൂസഫലി പറഞ്ഞു.
ഇനി ഡിജിറ്റല്‍ ബാങ്ക് യുഗമാണ് വരാനിരിക്കുന്നത്. പരമ്പരാഗത ബാങ്കിടപാടുകളെ അപേക്ഷിച്ച് ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകാര്‍ക്ക് എളുപ്പവും തടസ്സമില്ലാത്തതുമായ സേവനങ്ങളാണ് നല്‍കുന്നത്. യുഎഇയുടെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ലൈസന്‍സ് അനുസരിച്ചുള്ള രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്ക് എന്ന നിലയില്‍ ഏറെ സവിശേഷതകള്‍ ഉള്ള സേവനങ്ങളായിരിക്കും ബാങ്ക് നല്‍കുകയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഫ്രാങ്ക്‌ളിന്‍ ടെപിള്‍ടണ്‍ ചെയര്‍മാന്‍ ഗ്രിഗറി ജോണ്‍സണ്‍, അബുദാബി അല്‍ ഹെയില്‍ ഹോള്‍ഡിംഗ്‌സ് സിഇഒ ഹമദ് ജാസിം അല്‍ ദാര്‍വിഷ്, കുമാര്‍ മംഗളം ബിര്‍ള, എമിറേറ്റ്‌സ് എയര്‍ലൈന്‍ സിഇഒ അഡ്‌നാന്‍ കാസിം, ദുബായ് ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് രാജ അല്‍ മസ്രോയി എന്നിവരും ബോര്‍ഡിലുണ്ട്.
പൂര്‍ണമായും ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യമിട്ടായിരിക്കും പുതിയ ബാങ്കിന്റെ പ്രവര്‍ത്തനം. അടുത്തുതന്നെ പ്രവര്‍ത്തനമാരംഭിക്കുന്ന സാന്‍ഡ് ബാങ്ക് അയ്യായിരം കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യ ഉള്‍പ്പെടെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്ക് കടക്കുകയാണ്. ആഗോള സാമ്പത്തിക മേഖല ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുന്നതിനൊപ്പം രാജ്യങ്ങളുടെ സമ്പദ് രംഗം വൈവിധ്യവത്ക്കരിച്ച് ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടികളെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.