അബുദബി: ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ പ്രമുഖ വ്യവസായി പത്മശ്രീ എം എ യുസുഫലിയെ അബുദബി ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ സ്‌പൈനല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. യുസുഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. വി പി ഷംസീറിന്റെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരാണ് അദ്ദേഹത്തെ ചികില്‍സിക്കുന്നത്. പ്രമുഖ ജര്‍മന്‍ ന്യൂറോ സര്‍ജ്ജന്‍ ഡോ. ഷവര്‍ബി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.
ഹെലികോപ്റ്റര്‍ അപകടത്തിനു ശേഷം അബുദബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യുസുഫലിയെ കൊച്ചിയില്‍ നിന്നും അബുദബിയിലേക്ക് എത്തിച്ചത്. യുസുഫലി സുഖം പ്രാപിച്ചുവരുന്നതായും ഗുണകാംക്ഷികളുടെ ക്ഷേമാന്വേഷണത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി അറിയിക്കുന്നതായും യുസുഫലിയും കുടുംബവും അറിയിച്ചു.