മദ്രസ വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ്സുകാരന്‍ ആക്രമിച്ച സംഭവം: പ്രതി മാനസിക രോഗിയെന്ന് പോലിസ്; പ്രതിഷേധവുമായി എസ്ഡിപിഐ
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ മദ്രസ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാനസിക രോഗിയെന്ന് പോലിസ്. രോഗാവസ്ഥ ചൂണ്ടിക്കാട്ടി പ്രതിയെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് മദ്രസ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ ചെട്ടിപ്പടി കുപ്പിവളവിലെ ചെമ്മല റഷീദിന്റെ മകന്‍ ഖാജയെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തുന്നര്കണ്ടി രാമനാഥന്‍ പ്രകോപനം ഒന്നുമില്ലാതെ ആക്രമിച്ചത്. നടന്ന് വരികയായിരുന്ന കുട്ടിയുടെ എതിര്‍വശം ബൈക്ക് നിറുത്തി പ്രതി ആക്രമിക്കുകയായിരുന്നു. കുട്ടി റോഡില്‍ വീഴുകയും കണ്ണിന് ക്ഷതം ഏല്‍ക്കുകയും ചെയ്തു. മാതാപിതാക്കള്‍ പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ത്തന്നെ അക്രമിയെ സഹായിക്കുന്ന നയങ്ങളാണ് പരപ്പനങ്ങാടി പോലിസ് സ്വീകരിച്ചത്.
പ്രതി ആര്‍എസ്എസ്സുകാരനല്ലന്നും ബൈക്കില്‍ യാത്ര ചെയ്യവെ കൈ തട്ടിയതാണെന്നുമായിരുന്നു പോലിസിന്റെ വിശദീകരണം.
പ്രദേശത്തെ ബിജെപി നേതാക്കള്‍ കുട്ടിയുടെ വീട്ടിലെത്തി സമര്‍ദ്ദത്തിലാക്കി ഭയപ്പെടുത്താനുള്ള ശ്രമം നടത്തിയതായി ആരോപണമുണ്ട്. രാവിലെ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതിനു പകരം കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് നടത്തിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചു. അയോധ്യയിലെ കര്‍സേവയില്‍ പങ്കെടുത്തയാളാണ് പ്രതി. എന്നിട്ടും കസ്റ്റഡിയിലെടുത്ത് രാത്രിയോടെ പറഞ്ഞുവിടുകയായിരുന്നു.
പ്രദേശത്ത് ഭീതി പരത്തി സാമുദായിക ധ്രുവീകരണം നടത്താന്‍ ശ്രമിച്ച പ്രതിക്ക് മാനസിക രോഗപട്ടം ചാര്‍ത്തി രക്ഷപെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സിഐയുടെ നടപടി സംഘ് പരിവാര്‍ ദാസ്യവേലയാണന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മറ്റി ആരോപിച്ചു. ആര്‍എസ്എസ്സിന്റെ അക്രമത്തിന് ഇരകളാക്കപ്പെടുന്നവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം നടക്കില്ലന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സിദ്ദീഖ്, യാസര്‍ അറഫാത്ത്, റൗഫ് സംസാരിച്ചു.