മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തീപിടിത്തം നടന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കും

Update: 2021-01-21 18:05 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിലെ മഞ്ജരി സമുച്ചയം സന്ദര്‍ശിക്കും. വ്യാഴാഴ്ച തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വാക്‌സിന്‍ നിര്‍മാണ കമ്പനി സന്ദര്‍ശിക്കുന്നത്.

കോണ്‍ട്രാക്റ്റര്‍മാരുടെ ജീവനക്കാരും അഗ്നിശമന ഉദ്യോഗസ്ഥരും കമ്പനിയിലെത്തുമ്പോള്‍ അഞ്ച് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കാണുകയായിരുന്നെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിട്ടത്തില്‍ കുടുങ്ങിയ രണ്ട് പേരെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. മരിച്ചവരില്‍ രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും രണ്ട് പേര്‍ ബീഹാറില്‍ നിന്നും ഒരാള്‍ നാട്ടുകാരനുമാണ്.

അതേസമയം കൊവിഡ് വാക്‌സിന്‍ നിര്‍മാണം നടക്കുന്നത് മറ്റൊരിടത്താണെന്നും വാക്‌സിന്‍ നിര്‍മാണത്തെ തീപിടിത്തം ബാധിക്കില്ലെന്നും അജിത് പവാര്‍ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

കമ്പനിക്കുള്ളില്‍ നടന്നിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അഗ്‌നിബാധയെക്കുറിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പൂനെ 100 ഏക്കറിലാണ് വ്യാപിച്ചു കിടക്കുന്നത്. ഭാവിയിലെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിര്‍മിക്കുന്ന എട്ടോ ഒമ്പതോ കെട്ടിടങ്ങള്‍ ഉള്‍കൊള്ളുന്ന മഞ്ജരി സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 

Tags:    

Similar News