ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്ര സ്ഥാപന ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നു

Update: 2021-12-01 01:12 GMT

മുംബൈ: കൊവിഡ് ഒമിക്രോണ്‍ വകഭേദം പ്രസരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തെ സ്ഥാപന ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര യാത്രികര്‍ സ്വന്തം ചെലവില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലില്‍ ക്വാറന്റൈനില്‍ തുടരണം. പെട്ടെന്നുള്ള നിര്‍ദേശം വിമാനത്തില്‍ യാത്ര തുടങ്ങിയവരില്‍ വലിയ ആശയക്കുഴപ്പത്തിനിടയാക്കി.

ക്വാറന്റൈനു പുറമെ രണ്ടാമത്തെയും നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

പോസിറ്റീവാകുന്നവര്‍ ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറണം. മറ്റുള്ളവര്‍ ഹോട്ടല്‍ മുറിയില്‍ തുടരണം.

നവംബര്‍ 28ാം തിയ്യതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഒമിക്രോണ്‍ നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

വിമാനത്താവളത്തിലെത്തുന്നവര്‍ അവസാന 15 ദിവസത്തെ യാത്രാചരിത്രം എഴുതി നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കും.

യുകെ, മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോറ്റ്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍, ഇസ്രായേല്‍ തുടങ്ങി 44 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യാത്രാവിലക്കേര്‍പ്പെടുത്തിയത്.

Tags:    

Similar News