ബലാത്സംഗ ആരോപണം വ്യാജമെന്ന് മഹാരാഷ്ട്ര മന്ത്രി
സഹോദരീ ഭര്‍ത്താവ് എന്നാണ് പരാതിയില്‍ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്.
മുംബൈ: 38 കാരിയായ യുവതി ഉന്നയിച്ച ബലാത്സംഗ ആരോപണം മഹാരാഷ്ട്ര സാമൂഹിക, നീതിന്യായ മന്ത്രി ധനഞ്ജയ് മുണ്ടെ നിഷേധിച്ചു. എന്നാല്‍ 2003 മുതല്‍ പരാതിക്കാരിയുടെ സഹോദരിയുമായി ബന്ധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ബന്ധം വീട്ടുകാര്‍ക്ക് അറിയാമെന്നും ഇതില്‍ രണ്ടു മക്കളുണ്ടെന്നും ധനഞ്ജയ് മുണ്ടെ പറഞ്ഞു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ തന്റെ പേരാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഗായികയായ യുവതിയാണ് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ പീഡന പരാതി നല്‍കിയത്. ബോളിവുഡില്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മന്ത്രി പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് അവര്‍ ഓഷിവാര പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍മീഡിയയിലും അവര്‍ ആരോപണം ആവര്‍ത്തിച്ചു. തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കി ധനഞ്ജയ് മുണ്ടെ തന്നെ ബലാത്സംഗം ചെയ്തുവെന്നും അവര്‍ ആരോപിച്ചു. പൊലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്റെ ജീവന്‍ അപകടത്തിലാണെന്നും 14 വര്‍ഷക്കാലം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സഹോദരീ ഭര്‍ത്താവ് എന്നാണ് പരാതിയില്‍ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്.
എന്നാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടിയെടുക്കാനുമാണ് വ്യാജ പീഡനം ആരോപിച്ച് പരാതി നല്കിയതെന്നും 2020 നവംബറില്‍ ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ധനഞ്ജയ് മുണ്ടെ പറഞ്ഞു.