'സിന്‍വാറിന്റെ രക്തത്തിന് പകരം ചോദിക്കുന്നു'; റഫയിലെ സൈനികനടപടിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)

ജൂതകുടിയേറ്റക്കാര്‍ എവിടെയായാലും അവരെ ആക്രമിക്കുമെന്ന് ഹമാസിന്റെ വെസ്റ്റ്ബാങ്കിലെ നേതാവായ അബ്ദുല്‍ റഹ്മാന്‍ ഷാഹിദ് പ്രസ്താവനയില്‍ അറിയിച്ചു.

Update: 2024-12-04 17:43 GMT

ഗസ സിറ്റി: റഫയിലെ ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളെ തുടച്ചുനീക്കിയെന്ന ഇസ്രായേലി പ്രചാരണത്തിന്റെ മുനയൊടിച്ച് ഹമാസ്. റഫക്ക് സമീപമുള്ള ബുര്‍ജ് അവാദില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അല്‍ അഖ്‌സ ബ്രിഗേഡ് പുറത്തുവിട്ടു. ഒരാഴ്ച്ചയില്‍ പുറത്തുവിടുന്ന രണ്ടാം വീഡിയോ ആണിത്. അതിസങ്കീര്‍ണമായ സൈനികനടപടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്രായേലി സൈനികരുടെ കൂട്ടത്തെയും എഞ്ചിനീയറിങ് വണ്ടിയെയും ഡി9 സൈനിക ബുള്‍ഡോസറിനെയും ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇത്.

'സിന്‍വാറിന്റെ രക്തത്തിന് പകരം ചോദിക്കുന്നു' എന്ന പേരാണ് ഈ സൈനികനടപടിക്ക് നല്‍കിയിരിക്കുന്നത്. ഇസ്രായേലി സൈനികരുടെ ലക്ഷ്യം എന്താണെന്ന് അല്‍ അഖ്‌സ ബ്രിഗേഡിന് മുന്‍കൂട്ടി അറിയാമെന്നതാണ് ഈ സൈനിക നടപടിയുടെ ഒരു പ്രത്യേകത. മൂന്നാം വീഡിയോ ഉടന്‍ വരുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.

ജബലിയയുടെ കിഴക്കന്‍ ഭാഗത്ത് ഒരു സയണിസ്റ്റ് സൈനികനെ സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതായി അല്‍ ഖസം ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേലി സൈന്യത്തെ യന്ത്രതോക്ക് ഉപയോഗിച്ചും നേരിട്ടു. ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡും രക്തസാക്ഷി അബു അലി മുസ്തഫ ബ്രിഗേഡും സംയുക്തമായി നെറ്റ്‌സാറിം പ്രദേശത്ത് ബോംബാക്രമണവും നടത്തി.

ജൂതകുടിയേറ്റക്കാര്‍ എവിടെയായാലും അവരെ ആക്രമിക്കുമെന്ന് ഹമാസിന്റെ വെസ്റ്റ്ബാങ്കിലെ നേതാവായ അബ്ദുല്‍ റഹ്മാന്‍ ഷാഹിദ് പ്രസ്താവനയില്‍ അറിയിച്ചു. തുബാസില്‍ രണ്ടു ഫലസ്തീനികളെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഷാഹിദ് ഇക്കാര്യം പറഞ്ഞത്.

Similar News