ആലപ്പുഴ അപകടം; കാറോടിച്ച വിദ്യാര്‍ഥി പ്രതി
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും എഫ്‌ഐആറില്‍ പ്രതിസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പേര് ചേര്‍ത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തില്‍ ഗൗരി ശങ്കര്‍ എന്ന വിദ്യാര്‍ഥിയാണ് പ്രതിയെന്ന് വിശ്വസിക്കുന്നതായി പോലിസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ട് പറയുന്നു. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണു കേസ്.
എഫ്‌ഐആര്‍ തയ്യാറാക്കിയപ്പോള്‍ കെഎസ്ആര്‍ടിസി ബസ് െ്രെഡവറെയാണ് പ്രതിയാക്കിയിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും എഫ്‌ഐആറില്‍ പ്രതിസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പേര് ചേര്‍ത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാര്‍ഥിക്കെതിരേ കേസെടുത്തത്. ഗൗരി ശങ്കര്‍ നിലവില്‍ ചികില്‍സയിലാണ്.
അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച ഗൗരീശങ്കർ മൊഴി നൽകിയിരുന്നു. മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്തുനിന്നു കെഎസ്ആർടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസിൽ ഇടിച്ചു കയറിയതെന്നും തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരിശങ്കർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3 പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി.
Full View