പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ബലാല്‍സംഗ പരാതി വ്യാജമെന്ന് പൊലിസ്

മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് പൊലിസ് ഹൈക്കോടതിയില്‍

Update: 2024-10-07 09:11 GMT

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് പൊലിസ് ഹൈക്കോടതിയില്‍. മുന്‍ എസ് പി സുജിത് ദാസ്, പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, ഡിവൈഎസ്പി ബെന്നി എന്നിവര്‍ക്കെതിരായ പീഡന പരാതി വ്യാജമാണെന്നാണ് മലപ്പുറം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലം പറയുന്നത്.വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് 2022ല്‍ പൊന്നാനി സ്റ്റേഷനില്‍ എത്തിയ യുവതിയെ പലയിടങ്ങളില്‍ വെച്ചായി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി പറയുന്നത്. യുവതിയുടെ പരാതിയില്‍ ഡിവൈഎസ്പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായി സത്യവാങ്മൂലം പറയുന്നു.

പരാതിക്കാരിയുടെ മൊഴിയില്‍ പീഡനം നടന്ന സ്ഥലങ്ങള്‍, സമയം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മൊഴിയില്‍ വ്യക്തത തേടി നോട്ടീസ് അയച്ചെങ്കിലും പരാതിക്കാരിയും സാക്ഷികളും എത്തിയില്ല. പരാതിക്കാരിയുടെ കുടുംബ സുഹൃത്തായ റഫീക്ക്, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. അവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന സംശയമുണ്ട്.എസ്എച്ച്ഒ വിനോദ് പീഡിപ്പിച്ചെന്ന് യുവതി പറയുന്ന ദിവസം അയാള്‍ കോയമ്പത്തൂര്‍ ആയിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. സുജിത് ദാസ് ഐപിഎസ്, ഡിവൈഎസ്പി ബെന്നി എന്നിവര്‍ക്കെതിരെ ഇപ്പോഴാണ് യുവതി പരാതി പറയുന്നത്. അവരെ കുറിച്ചുള്ള അന്വേഷണത്തിലും തെളിവുകളൊന്നുമില്ല. ഓരോ കാലത്തും ഓരോരുത്തര്‍ക്കെതിരെ യുവതി ആരോപണം ഉന്നയിക്കുകയാണ്.പൊലിസ് ഉദ്യോഗസ്ഥരെ നിര്‍ഭയം ജോലി ചെയ്യുന്നതില്‍ നിന്ന് തടയാനും അവരെ പൊതുജന മധ്യത്തില്‍ താറടിച്ച് കാണിക്കാനുമാണ് പരാതി നല്‍കിയിരിക്കുന്നതെന്നും അഡീഷണല്‍ പൊലിസ് സൂപ്രണ്ടിന്റെ സത്യവാങ്മൂലം പറയുന്നു.









Tags:    

Similar News