ലഖ്‌നോ: ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളിലും യോഗ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. നിര്‍ദേശങ്ങളുടെ കരട് തയ്യാറായിട്ടുണ്ട്. പ്രവര്‍ത്തിപഥത്തിലെത്തുംമുമ്പ് അന്തിമ അനുമതിക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
യുവാക്കളുടെ കഴിവ് പരമാവധി തിരിച്ചറിയാനും മെച്ചപ്പെടുത്താനുമാണ് യോഗ നിര്‍ബന്ധമാക്കുന്നതെന്ന് കായിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ പറഞ്ഞു.
5 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സ്‌പോര്‍ട്‌സില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഇതിന്റെ കൂടെഭാഗമായാണ് സ്‌കൂളുകളില്‍ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇതിനുവേണ്ടിയുളള കാമ്പയിന്‍ തയ്യാറാക്കുന്നത്.
ലഖ്‌നൗവിലെ ഗുരു ഗോവിന്ദ് സിംഗ് സ്‌പോര്‍ട്‌സ് കോളേജിലെ നവനീത് സെഹ്ഗാള്‍ പറയുന്നതനുസരിച്ച്, മൂന്ന് കായിക ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്രം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌പോര്‍ട്‌സ് ഡാറ്റ അനലിറ്റിക്‌സ്, സ്‌പോര്‍ട്‌സ് നിയമം, സ്‌പോര്‍ട്‌സ് ജേണലിസം എന്നിവയും പഠനത്തിന്റെ ഭാഗമാണ്. യുവാക്കള്‍ക്കും കുട്ടികള്‍ക്കും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള യോഗ പരിശീലനവും പരിശീലന സൗകര്യങ്ങളും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ കായിക വേദികളിലും ലഭ്യമാക്കും.
ഉത്തര്‍പ്രദേശ് കായിക വികസനത്തിനായി ഏകദേശം 100 കോടി രൂപയുടെ ഫണ്ടും നീക്കിവച്ചിട്ടുണ്ട്. ഈ ഫണ്ടിന്റെ സഹായത്തോടെ സംസ്ഥാനത്തുടനീളമുള്ള അത്‌ലറ്റിക് സ്‌റ്റേഡിയങ്ങളില്‍ കായികതാരങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും യോഗ പരിശീലന പരിപാടികള്‍ നടത്തും.
കളിസ്ഥലത്തിനായി നിശ്ചയിച്ചിട്ടുള്ള ഗ്രാമസഭയുടെ സ്ഥലം പുതിയ നയപ്രകാരം ഗ്രാമീണ അക്കാദമികള്‍ക്ക് പാട്ടത്തിന് നല്‍കും, അക്കാദമിയിലെ കളിക്കാരില്‍ പകുതിയെങ്കിലും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരായിരിക്കണം. സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള അത്‌ലറ്റുകള്‍ക്കും അക്കാദമികള്‍ സ്ഥാപിക്കുന്നതിന് പാട്ടത്തിന് ഭൂമി നല്‍കും.