കെ റെയില്‍ ഡേറ്റകളില്‍ വ്യാപകകൃത്രിമം; എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ഏകാധിപതികളാണന്നും വിഡി സതീശന്‍
അഞ്ച് മീറ്ററില്‍ താഴെയുള്ള മതിലുകളാണ് സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി. ഇരുവശങ്ങളിലും വലിയ മതിലുകള്‍ സ്ഥാപിക്കുമെന്ന പ്രചാരണവും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ സംവാദം. പിസി വിഷ്ണുനാഥ് അടിയന്തര പ്രമേയാനുമതി തേടി നല്‍കിയ നോട്ടീസില്‍ ചര്‍ച്ചയാവാം എന്ന് രാവിലെ മുഖ്യമന്ത്രി അറിയിച്ചതോടെയാണ് വിഷയത്തില്‍ സഭയില്‍ തുറന്ന സംവാദത്തിന് വഴിയൊരുങ്ങിയത്. വിവിധ കക്ഷിനേതാക്കളുടെ പ്രസംഗത്തിനൊടുവില്‍ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും സംസാരിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലാണ് കെ റെയില്‍ സംബന്ധിച്ച് വിശദമായ സംവാദം നടന്നത്. ഡേറ്റ കൃത്രിമമാണ് പ്രോജക്റ്റ് റിപോര്‍ട്ടിലുടനീളം കാണുന്നതെന്ന വാദത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. പൊതുവായ ആക്ഷേപത്തിനാണ് മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായത്.
പോലിസ് ആറാടുകയാണെന്ന പിസി വിഷ്ണുനാഥിന്റെ വിമര്‍ശനത്തിന്, പോലിസിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഡിപിആര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കെ റെയില്‍ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലായി മാറുമെന്ന് വിഡി സതീശന്‍ വാദിച്ചെങ്കിലും അതു തെറ്റാണെന്നും സില്‍വര്‍ ലൈനിന് വശങ്ങളില്‍ മതിലുകളുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് ഒടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
വിഡി സതീശന്‍
സില്‍വര്‍ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനാണ്. കെഎസ്ആര്‍ടിസിയുടെ സ്ഥിതി എന്താണ്. സ്വാഭാവിക മരണത്തിന് കെഎസ്ആര്‍ടിസിയെ വിട്ടു കൊടുത്താണ് വരേണ്യവര്‍ഗ്ഗത്തിനായി സില്‍വര്‍ ലൈന്‍ കൊണ്ടുവരുന്നത്. പൊതുഗതാഗതത്തെ മുഴുവന്‍ വിഴുങ്ങുന്നതാണ് കെ റെയില്‍ പദ്ധതി. രണ്ട് ലക്ഷം കോടി വായ്പ എടുക്കാന്‍ പറ്റുന്ന അവസ്ഥയിലാണോ കേരളം. കുട്ടികള്‍ക്ക് പാലും മുട്ടയും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്. കൊച്ചി മെട്രോയുടെ ഒരു ദിവസത്തെ നഷ്ടം ഒരു കോടി രൂപയാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സുരക്ഷയ്ക്ക് വേലിയല്ല രണ്ട് വശം വലിയ മതിലാണെന്ന് ഡിപിആറില്‍ വിശദീകരിക്കുന്നു. പശ്ചിമഘട്ട മലനിര മുഴുവന്‍ ഇടിച്ച് നിരത്തിയിലും പദ്ധതിക്ക് കല്ല് തികയില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ വലിയതോതില്‍ കൃത്രിമവും ക്രമക്കേടും നടന്നിട്ടുണ്ട്. പ്രിലിമിനറി റിപോര്‍ട്ടും ഡിപിആറും തമ്മില്‍ വലിയ അന്തരമാണുള്ളത്. രണ്ട് മാസം കൊണ്ട് കണക്കുകളില്‍ വലിയ കൃത്രിമം നടന്നു. ഡിപിആറില്‍ പറയുന്ന രീതിയില്‍ സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുപ്പുറവും സുരക്ഷാ മതില്‍ കെട്ടിയാല്‍ കേരളത്തെ വിഭജിക്കുന്ന സാഹചര്യം രൂപപ്പെടുമെന്ന് വ്യക്തമാണ്.
കാലാവസ്ഥ മാറ്റത്തിന്റെ കാലത്ത് ബദല്‍ ആലോചിക്കുമ്പോള്‍ നിങ്ങള്‍ കാലത്തിന് മുന്നിലല്ല പിറകിലാണ്. പദ്ധതിയെ എതിര്‍ത്താല്‍ രാജ്യദ്രോഹി കളാക്കുന്നവര്‍ ഏകാധിപതികളാണ്. സഭയിലെ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അധികാരമല്ല. പൗരപ്രമുഖരുമായി ഏകപക്ഷീയമായി സംഭാഷണം നടത്തുകയാണ് മുഖ്യമന്ത്രി. ഇവിടെ വേണ്ടത് തുറന്ന നിലയിലുള്ള സംവാദമാണ്. യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ ഈ പദ്ധതി ഉപദ്ദേശിച്ചത്. വളരെ ഉചിതമായ തീരുമാനമാണ്. യുപിഎ സര്‍ക്കാരാണ് ഭൂമി നഷ്ട്‌പ്പെട്ടവര്‍ക്ക് അര്‍ഹമായ പണം നല്‍കാന്‍ നിയമം കൊണ്ടു വന്നത്. കേരളത്തെ ബനാന റിപബ്ലിക് ആക്കാന്‍ അനുവദിക്കില്ല.
മുഖ്യമന്ത്രിയുടെ മറുപടി
അടിയന്തരപ്രമേയ ചര്‍ച്ച കൊണ്ട് ഇത്രയും ഗുണം ചെയ്യുമെന്ന് കരുതിയില്ല. പദ്ധതിക്കെതിരെ ഒന്നും കാര്യമായി പറയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ച ഒരു പതിവ് നടപടിക്രമമാണ്. 2016ല്‍ പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്‍പും ഇത് പോലെ യോഗം വിളിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും വിവിധ സമയങ്ങളില്‍ ഇങ്ങനെയുള്ള യോഗം നടന്നു.
സില്‍വര്‍ ലൈന്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്ത് നിന്ന് അതിക്രമങ്ങളുണ്ടായിട്ടില്ല. എന്നാല്‍ സമരക്കാര്‍ വലിയ നാശ നഷ്ട മുണ്ടാക്കി. യുഡിഎഫിന് എല്ലാ പ്രവര്‍ത്തകരെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല. നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍പാത 137 കിലോമീറ്റര്‍ തുണുകളിലുടേയോ തുരങ്കങ്ങളിലുടെയോ കടന്ന് പോകും. ബാക്കി സ്ഥലങ്ങളില്‍ 500 മീറ്റര്‍ ഇടപെട്ട് പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിക്കും. സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം തന്നെ തെറ്റാണ്. അഞ്ച് മീറ്ററില്‍ താഴെയുള്ള മതിലുകളാണ് സ്ഥാപിക്കുന്നത്. ഇരുവശങ്ങളിലും വലിയ മതിലുകള്‍ സ്ഥാപിക്കുമെന്ന പ്രചാരണവും തെറ്റാണ്. ഇക്കാര്യത്തില്‍ താന്‍ പറയുന്നതാണ് ശരിയായ കാര്യം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി എടുക്കുന്ന വായ്പയുടെ തിരിച്ചടവിന് 40 വര്‍ഷം വരെ സമയമുണ്ട്. 40 വര്‍ഷം കൊണ്ട് സമ്പദ്ഘടന മുന്നോട്ട് പോകും. ഇത് മനസിലാക്കാതെയാണ് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നത്. വിദേശനാണ്യ നിരക്കില്‍ 2 മുതല്‍ 1.5 % വരെയാണ് വായ്പയുടെ പലിശ. വാഹനങ്ങള്‍ പെരുകുന്നതിന്റെ അടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മാണം തുടങ്ങിയാല്‍ കെ റെയിലിനേക്കാള്‍ കൂടുതല്‍ പാറയും മണലും വേണം. അതീവ ലോലപ്രദേശങ്ങളിലുടെ കെ റെയില്‍ കടന്ന് പോകുന്നില്ല. ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയ ലോലപ്രദേശത്തുകൂടിയും പോകുന്നില്ല. പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന കടലുണ്ടിയിലും നിലവിലെ പാതക്ക് സമാന്തരമായാണ് പാത പോകുക.
നമ്മുടെ സംസ്ഥാനത്താകെ മതിലുകളുയരുന്നില്ല. പദ്ധതിയുടെ ആകെ ചെലവ് 64000 കോടി രൂപയാണ്. 9930 കെട്ടിടങ്ങളെയാണ് ബാധിക്കുന്നത്. സ്ഥലമേറ്റെടുപ്പിന് ഒരു ഹെക്ടറിന് 9 കോടിയാണ് നഷ്ട്പരിഹാരം കണക്കാക്കിയിരിക്കുന്നത്. കല്ല് പിഴുതെടുക്കുന്നത് വസ്തുത മറച്ച് വച്ചാണ്.ഗെയില്‍ പൈപ്പ് ബോംബെന്ന് പറഞ്ഞു. കിഫ്ബി വന്നപ്പോള്‍ എവിടെ നിന്ന് പണം എന്ന് ചോദിച്ചു. എതിര്‍പ്പ് കൊണ്ട് വികസനപദ്ധതികള്‍ നടപ്പാക്കാതിരിക്കില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിശോധിക്കും. എന്നാല്‍ പൂര്‍ണ്ണമായും എതിര്‍ത്താല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് ഭാവി തലമുറയ്ക്ക് വേണ്ടിയാണ്. അതിനാല്‍ തന്നെ പദ്ധതി നടപ്പിലാക്കിയേ തീരൂ.