മാള: ഭിന്നശേഷിക്കാരന് ജീവിത സാഹചര്യമൊരുക്കി സഹപാടികളായ സുഹൃത്തുക്കള്‍. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദും മേലഡൂര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയം വികാരി ഫാ. ജോളി വടക്കനും ചേര്‍ന്ന് മാത്തച്ചന് ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറി. വാര്‍ഡംഗം പി കെ ഷിജു, കൊരട്ടി ഗ്രാമപഞ്ചായത്തംഗം ജിസി അഗസ്റ്റിന്‍, ഫാ. പോള്‍ നടക്കല്‍, സി എസ് തിരുമേനി, മുജീബ് ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജയ്‌സണ്‍ തോമസ്, ജസ്മാന്‍ പാപ്പു, ഷാജന്‍ ജോസഫ്, ഷിബു പാലാട്ടി, സജി കരുവേലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രളയം തട്ടിതെറിപ്പിച്ച ജീവിതത്തില്‍ ഭിന്നശേഷിക്കാരനായ മേലഡൂര്‍ സ്വദേശി മുട്ടന്‍തോട്ടില്‍ മാത്തച്ചനാണ് സഹപാഠികളുടെ സഹായമെത്തിയത്. തുണയായത് മൂന്ന് പതിറ്റാണ്ട് മുന്‍പത്തെ കലാലയകാലത്തെ സൗഹൃദവും. കൊരട്ടി ബാലനഗര്‍ ടെക്‌നിക്കല്‍ ഇസ്റ്റിറ്റിയൂട്ടിലെ 1991-92 ലെ ഇലക്ട്രോണിക് മെക്കാനിക്കല്‍ ബാച്ചുകാരാണ് മാത്തച്ചന്റെ ജീവിതത്തില്‍ പുതിയ വെളിച്ചവുമായി കടന്നെത്തിയത്. ജോലിയും മറ്റും നഷ്ടപ്പെട്ട സുഹൃത്തിന് ഒരു ജീവിതസാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സുഹൃത്തുക്കള്‍ ഓട്ടോ വാങ്ങി നല്‍കിയത്. പ്രളയത്തില്‍ നശിച്ച വീടും സുഹൃത്തുക്കള്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപണികള്‍ നടത്തി കൊടുത്തിരുന്നു. അറ്റകുറ്റ പണികള്‍ കൂടാതെ വീട് പെയിന്റടിച്ച് ഭംഗിയാക്കുകയും ചെയ്തിരുന്നു.
ചെറിയ പെട്ടിക്കട നടത്തിവന്നിരുന്ന മാത്തച്ചന്റെ ജീവിതത്തിലേക്കും പെട്ടിക്കടയിലേക്കുമാണ് ആര്‍ത്തലച്ചെത്തിയ വെള്ളം വില്ലനായി എത്തിയത്. ഒപ്പം മേലഡൂരിലെ താമസിച്ചിരുന്ന വീടും വെള്ളത്തില്‍ മുങ്ങി. പിന്നീട് ഇത്രയും കാലവും പരിമിതികളില്‍ ഒതുങ്ങിയായിരുന്നു ജീവിതവും. ഈ ജീവിതത്തിലേക്കാണ് പുതിയ വെളിച്ചമായി സഹപാഠികളായ സുഹൃത്തുക്കളെത്തിയത്. യാദൃച്ഛികമായാണ് ഒരു സഹപാഠി മാത്തച്ചനെ കാണാന്‍ ഇടയായത്. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഇദ്ദേഹം വാട്ട്‌സ്ആപ്പ് കൂട്ടായ്മ വഴി മാത്തച്ചന് സഹായം ഒരുക്കി നല്‍കുകയായിരുന്നു.
മാത്തച്ചന്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്നത്. പിന്നീട് പഠനം തുടര്‍ന്നെങ്കിലും ഏറെ മുന്നോട്ടു പോകാന്‍ ആയില്ല. ഇതിനിടയില്‍ ഇലക്ടോണിക് മെക്കാനിക് കോഴ്‌സ് പഠിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പോകാന്‍ ആരോഗ്യം വെല്ലുവിളിയായതോടെ സാധിക്കാതെ വന്നു. തുടര്‍ന്നാണ് അന്നമനടയില്‍ പെട്ടിക്കടയിട്ടത്. ഭാര്യ ബേബി തൊഴിലുറപ്പ് ജോലിക്ക് പോകുന്നതില്‍ നിന്നുള്ള ഏക വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. മഹീന്ദ്രയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ് സഹപാടികള്‍ സമ്മാനിച്ചത്. ഇതില്‍ കഴിയാവുന്ന തൊഴില്‍ ചെയ്യാനാണ് ലക്ഷ്യമെന്ന് മാത്തച്ചന്‍ പറഞ്ഞു.