സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവിതം മെച്ചപ്പെടുത്താന്‍ മാള ഹോളിഗ്രേസ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്
മാള: സാങ്കേതികവിദ്യ ജനങ്ങളിലേക്ക് എത്തിച്ച് അവരുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മാള ഹോളിഗ്രേസ് പോളിടെക്‌നിക് കോളേജ് ആവിഷ്‌കരിച്ച കമ്മ്യൂണിറ്റി ഔട്ട്‌റീച്ചിന്റെ ഉദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഹോളിഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി ജോണ്‍ ഐനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഹോളിഗ്രേസ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ചിന്റെ സവിശേഷതകള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എം കെ ദേവരാജന്‍ സംസാരിച്ചു. തുടര്‍ന്ന് കമ്മ്യൂണിറ്റി ഔട്ട്‌റീച്ചിന്റെ ആദ്യ പരിപാടിയായി ഹോളി ഗ്രേസ് പോളിടെക്‌നിക്കിലെ ഇലക്ട്രിക്കല്‍ വിഭാഗം അധ്യാപകര്‍ വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വൈദ്യുതിസുരക്ഷ, വൈദ്യുതിബില്‍ തയ്യാറാക്കല്‍, വൈദ്യുതി ഗാര്‍ഹിക ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, പരിപാലനം എന്നീ മേഖലകളില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ 30 വനിതകള്‍ക്ക് ഹോളി ഗ്രേസിലെ വിവിധ ലബോറട്ടറികളില്‍വച്ച് പ്രായോഗിക പരിശീലനം നല്‍കി.
യോഗത്തില്‍ ഹോളിഗ്രേസ് പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ എം ജി ശശികുമാര്‍ സ്വാഗതവും ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കെ ജെ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.