മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു

Update: 2020-06-03 10:57 GMT

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. ജില്ലാ കലക്ടര്‍ ജാഫര്‍ മലക്കിന് പകരക്കാരനായാണ് നേരത്തെ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന കെ. ഗോപാലകൃഷ്ണന്‍ മലപ്പുറത്ത് ചുമതലയേല്‍ക്കുന്നത്. രാവിലെ 10 ന് കലക്ടറേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ നിലവില്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം എന്‍.എം മെഹറലിയില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റത്.

2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലപ്പുറം ജില്ലയില്‍ അസിസ്റ്റന്റ് കലക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനും മഴക്കാലത്തോടനുബന്ധിച്ചുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കാലവര്‍ഷ മുന്‍കരുതലുകള്‍ നടപടികള്‍ സംബന്ധിച്ചും റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു.

തമിഴ്‌നാട്ടിലെ നാമക്കലിലെ കര്‍ഷക ദമ്പതികളായ കാളിയണ്ണന്‍-സെല്‍വമണി എന്നിവരുടെ മകനാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദവും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അസിസ്റ്റന്റ് കലക്ടറായി ജോലി നോക്കിയ ശേഷം കോഴിക്കോട് സബ് കലക്ടര്‍, ജലനിധിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേന്ദ്ര സര്‍വീസില്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസി. സെക്രട്ടറി, സര്‍വേ ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി പൊതുഭരണം, തിരുവനന്തപുരം ജില്ലാ കലക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദീപയാണ് ഭാര്യ. ആതിര, വിശാഖന്‍ എന്നിവര്‍ മക്കളാണ്.

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, വിവിധ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Tags:    

Similar News