വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ കൊല്ലപ്പെട്ടു

Update: 2024-06-11 10:58 GMT

ലിലോങ്‌വേ: തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു.ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനവും വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജന്‍സികളാണ് നേതൃത്വം നല്‍കിയിരുന്നത്.

മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍, ഇതിന് പിന്നാലെ റഡാറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. ലിലോങ്‌വേയില്‍ നിന്ന് ഏകദേശം 380 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടതായിരുന്നു. അപകട വിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാര്‍ത്തി ചക്വേര തിരച്ചിലിന് ഉത്തരവിടുകയായിരുന്നു.

Tags:    

Similar News