ലോകത്തെ ആദ്യ മലേറിയ വാക്‌സിന് മലാവിയില്‍ തുടക്കമിടും

Update: 2019-04-27 02:32 GMT

ന്യൂഡല്‍ഹി: മലേറിയക്കെതിരായി വികസിപ്പിച്ച ലോകത്തെ ആദ്യ വാക്‌സിന്റെ പൈലറ്റ് പ്രോഗ്രാം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. മലാവിയില്‍ രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കുക. ഈ വര്‍ഷം അവസാനം ഗാനയിലും കെനിയയിലും വാക്‌സിന്‍ നല്‍കിത്തുടങ്ങും.

മോസ്‌ക്വിറിക്‌സ് എന്ന വാക്‌സിന്‍ ബ്രിട്ടീഷ് മരുന്നു നിര്‍മാണ കമ്പനിയായ ഗ്ലാക്‌സോസ്മിത്ത്‌ലൈന്‍(ജിഎസ്‌കെ) ആണ് വികസിപ്പിച്ചത്. 30 വര്‍ഷത്തെ പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാക്‌സിന്‍ തയ്യാറായത്. കുട്ടികളിലെ മലേറിയ വലിയ തോതില്‍ കുറക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ട ലോകത്തെ ആദ്യത്തെ വാക്‌സിനാണിതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പൈലറ്റ് പദ്ധതിക്ക് വേണ്ടി 10 ലക്ഷം ഡോസുകള്‍ ജിഎസ്‌കെ സൗജന്യമായി നല്‍കും. 1987ല്‍ നിര്‍മിച്ച വാക്‌സിന്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് തുടര്‍ന്ന് വികസിപ്പിച്ചത്. മനുഷ്യരില്‍ സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാമെന്നതിന്റെ മൂന്നാം ഘട്ട മരുന്ന് പരീക്ഷണം 2014ലാണ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയത്.

അതേ സമയം, വാക്‌സിനെതിരേ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. വാക്‌സിന്‍ നല്‍കുന്ന വളരെ കുറഞ്ഞ നിലയിലുള്ള സംരക്ഷണം വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമാണെന്നും ഇതിന് വേണ്ടി ഇത്രയും പണം ചെലവഴിക്കുന്നത് കരുതലോടെ വേണമെന്നുമാണ് വിദഗ്ധര്‍ വിമര്‍ശനമുന്നയിച്ചത്. 

Tags:    

Similar News