ജനീവ: ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചു. കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01 മലേറിയ പ്രതിരോധ വാക്‌സിനാണ് അംഗീകരിച്ചത്. പ്രതിവര്‍ഷം 4,00,000 പേരാണ് കൊതുകള്‍ പരത്തുന്ന മലേറിയ ബാധിച്ച് മരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഹെബ്രിയേസസ് പറഞ്ഞു.
ദീര്‍ഘകാലമായി കാത്തിരുന്ന ഈ മലേറിയ വാക്‌സിന്‍ ശാസ്ത്രത്തിന്റെയും കുട്ടികളുടെ ആരോഗ്യത്തിന്റെയും മലേറിയ നിയന്ത്രണത്തിന്റെയും കാര്യത്തിലുള്ള ഒരു മുന്നേറ്റമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ കൂടാതെ ഈ വാക്‌സിന്‍ ഉപയോഗിച്ച് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്വീറ്റില്‍ പറയുന്നു.
ഘാന, കെനിയ, മലാവി എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 800,000 ലധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് കാംപയിന്‍ ഫലത്തെ അടിസ്ഥാനമാക്കിയാണ് അംഗീകാരം നല്‍കിയതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് ബുധനാഴ്ച റിപോര്‍ട്ട് ചെയ്തു.