ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി; റയലിന് സിറ്റി; ബാഴ്‌സയ്ക്ക് പിഎസ്ജി വെല്ലുവിളി

പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പ്രിന്‍സസ് പാര്‍ക്കിലാണ് മത്സരം.

Update: 2024-03-15 18:16 GMT

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. മാഞ്ചസ്റ്റര്‍ സിറ്റി - റയല്‍ മാഡ്രിഡ് മത്സരമാണ് അവസാന എട്ടിലെ ശ്രദ്ധാകേന്ദ്രം. ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജി ബാഴ്സലോണയെ നേരിടും. അത്ലറ്റികോ മാഡ്രിഡ് ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേയും ബയേണ്‍ മ്യൂനിച്ച്, ആഴ്സണലിനെതിരെയും കളിക്കും. ഏപ്രില്‍ ഒമ്പതിന് പിഎസ്ജി - ബാഴ്സ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പ്രിന്‍സസ് പാര്‍ക്കിലാണ് മത്സരം.

തുടര്‍ന്ന് അത്ലറ്റികോ, ബൊറൂസിയക്കെതിരെ കളിക്കും. മാഡ്രിഡിലാണ് ആദ്യപാദ മത്സരം. ഈ രണ്ട് മത്സരങ്ങളും ഒരു ദിവസമാണ് നടക്കുക. ഏപ്രില്‍ പത്തിന് ആഴ്സണല്‍ സ്വന്തം ഗ്രൗണ്ടില്‍ ബയേണിനെ നേരിടും. അന്ന്, സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയും കളിക്കും. രണ്ടാംപാദ മത്സരങ്ങള്‍ ഏപ്രില്‍ 16ന് ആരംഭിക്കും. ബയേണ്‍, ആഴ്സണലിനെ സ്വന്തം ഗ്രൗണ്ടില്‍ നേരിടും. അന്നുതന്നെ ബൊറൂസിയ - അത്ലറ്റിക്കോ മത്സരം. 17ന് ബാഴ്സലോണ സ്വന്തം ഗ്രൗണ്ടായ നൂ കാംപില്‍ പിഎസ്ജിയെ നേരിടും. അന്ന് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി, റയലിനെ വരവേല്‍ക്കും.

നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ബാഴ്സ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. നാപോളിക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഫെര്‍മിന്‍ ലോപസ്, ജോ കാന്‍സലോ, ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ ബാഴ്‌സയ്ക്കായി വലകുലുക്കി. അമീര്‍ റഹ്‌മാനിയുടെ വകയായിരുന്നു നാപ്പോളിയുടെ ആശ്വാസ ഗോള്‍.

അതേസമയം, 2010ന് ശേഷം ആദ്യമായാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. എഫ് സി പോര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നത്. ഇരുപാദങ്ങളിലുമായി മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന്റെ ജയം ആഴ്സനല്‍ സ്വന്തമാക്കുകയായിരുന്നു.







Tags:    

Similar News