10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി
ബംഗളൂരു: 10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി. ബാങ്കോക്കില്‍ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളില്‍ നിന്ന് 10 മഞ്ഞ അനാക്കോണ്ട പാമ്പുകളെ കണ്ടെത്തി.
അനാക്കോണ്ട പാമ്പുകളെ കടത്തിയത് പിടികൂടിയത് ചിത്രങ്ങള്‍ സഹിതം ബംഗളൂരു കസ്റ്റംസ് അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ 10 മഞ്ഞ അനാക്കോണ്ടകളെ ബാഗിനുള്ളില്‍ നിറച്ച നിലയിലായിരുന്നു. ഇവയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. വനംവകുപ്പിന് കൈമാറും.
പ്രധാനമായും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ജലാശയങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്ന പാമ്പുകളാണ് മഞ്ഞ അനാക്കോണ്ടകള്‍. പരാഗ്വേ, ബോളീവിയ, ബ്രസീല്‍, അര്‍ജന്റീന, യുറുഗ്വേ രാജ്യങ്ങളില്‍ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
വന്യജീവികളെ കടത്തുന്നത് ഇന്ത്യയില്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ബംഗളൂരു വിമാനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 234 വന്യജീവികളെയാണ് കടത്തുകാരില്‍ നിന്ന് പിടികൂടിയത്. കങ്കാരുക്കുഞ്ഞിനെ വരെ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചിട്ടുണ്ട്.