ബിപ്ലബ് ദേബിനെതിരേ ഫേസ് ബുക്ക് പോസ്റ്റ്: യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി

രേഖകള്‍ കെട്ടിച്ചമയ്ക്കല്‍, വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് അനുപം പോളിതിരേ ചുമത്തിയത്. ഒളിവിലായിരുന്ന അനുപം പോളിനെ ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്നാണ് ത്രിപുര ക്രൈംബ്രാഞ്ച് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2019-06-17 06:54 GMT

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരേ ഫേസ് ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ അറസ്റ്റിലായ അനുപം പോളിനെ രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ കെട്ടിച്ചമയ്ക്കല്‍, വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് അനുപം പോളിതിരേ ചുമത്തിയത്. ഒളിവിലായിരുന്ന അനുപം പോളിനെ ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്നാണ് ത്രിപുര ക്രൈംബ്രാഞ്ച് പോലിസ് അറസ്റ്റ് ചെയ്തത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശര്‍മിസ്ത മുഖര്‍ജിയുടെ മുന്‍പിലാണ് അനുപം പോളിനെ ഹാജരാക്കിയത്. അനുപം പോളിന്റെ പോസ്റ്റുകള്‍ പങ്കുവച്ച ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സൈകാത് തലാപത്രയെയും പോലിസ് കോണ്‍സ്റ്റബിളിനെയും ത്രിപുര പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ഡല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്്. വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിപ്ലബിന്റെ ഭാര്യ നീതി ദേബും രംഗത്തെത്തിയിരുന്നു.

വിലകുറഞ്ഞ പ്രചാരണതന്ത്രമാണ് തന്റെ ഭര്‍ത്താവിനെതിരായ വാര്‍ത്തയെന്നാണ് നീതി ദേബ് ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതെല്ലാമെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ബിപ്ലബ് ദേബ് അറിയിച്ചിരുന്നു.

Tags:    

Similar News