കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്; ത്രിപുര മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
സ്വന്തം വീട്ടിലാണ് ദേബ് ക്വാറന്റൈനില്‍ കഴിയുന്നത്. തിങ്കളാഴ്ച രാത്രിയില്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍ പോയി. അദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോവാന്‍ തീരുമാനിച്ചത്. സ്വന്തം വീട്ടിലാണ് ദേബ് ക്വാറന്റൈനില്‍ കഴിയുന്നത്. തിങ്കളാഴ്ച രാത്രിയില്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. താന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണ്. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, യുപി ബിജെപി അധ്യക്ഷന്‍, കാര്‍ത്തി ചിദംബരം തുടങ്ങി നിരവധി നേതാക്കള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.