കത്തി കാട്ടിയപ്പോൾ തന്നെ മാനേജർ മാറിത്തന്നു; ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതിയുടെ മൊഴി പുറത്ത്

തൃശൂര്‍: തനിക്ക് ആവശ്യമുണ്ടായിരുന്ന പണത്തിനു വേണ്ടി മാത്രമാണ് കൊള്ള നടത്തിയതെന്നും അത് കിട്ടിയതും ബാങ്കില്‍നിന്ന് പോയെന്നും പ്രതി റിജോ ആന്റണി. കത്തി കാട്ടിയ ഉടന്‍ മാനേജര്‍ മാറിത്തന്നുവെന്നും ഇല്ലായിരുന്നേല്‍ പിന്തിരിഞ്ഞേനെ എന്നും പ്രതി പോലിസിന് മൊഴി നല്‍കി.
പ്രതിയുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ബാങ്കിലും, പണം നല്‍കിയവരുടെ വീട്ടിലുമായാണ് തെളിവെടുപ്പ്. നിലവില്‍ പ്രതിക്കെതിരേയുള്ള എല്ലാ തെളിവുകളും ലഭിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. അല്‍പസമയത്തിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കൊള്ള. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. കൈകൊണ്ട് ചില്ലുകള്‍ തകര്‍ത്താണ് പണം അപഹരിച്ചത്. 47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ കൈക്കലാക്കി പുറത്തേക്കുപോവുകയായിരുന്നു.