മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെകെ അബ്ദുല്‍ ജബ്ബാര്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കോടിക്കണക്കിന് രൂപ കള്ളപ്പണമായി കേരളത്തിലേക്കൊഴുക്കിയതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടും അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരും പോലിസും തയ്യാറായിരുന്നില്ല
തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പശ്ചാത്തലത്തില്‍ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപോര്‍ട്ട് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ സുരേന്ദ്രനെ ഇനിയും സംരക്ഷിക്കാന്‍ നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കോടിക്കണക്കിന് രൂപ കള്ളപ്പണമായി കേരളത്തിലേക്കൊഴുക്കിയതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടും ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരും പോലിസും തയ്യാറായിരുന്നില്ല. ബിജെപി കേരളത്തിലേക്കൊഴുകിയ കള്ളപ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്തതോടെയാണ് ഇത് ചര്‍ച്ചയാവുന്നത്. എന്നാല്‍ ഈ കേസില്‍ ഇടതു സര്‍ക്കാരും പോലിസും കുറ്റകരമായ അനാസ്ഥയാണ് ഇതുവരെ തുടര്‍ന്നത്. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് കേസ് മരവിപ്പിക്കുകയായിരുന്നു. ആദിവാസി നേതാവ് സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസും നിലവിലുണ്ട്. കള്ളപ്പണവും കോഴയുമുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും അതനുസരിച്ചുള്ള കുറ്റപത്രവുമുണ്ടായിട്ടും സുരേന്ദ്രന്‍ പോലിസ് വലക്കണ്ണി പൊട്ടിച്ച് വെളിയില്‍ വിദ്വേഷ പ്രചാരണവുമായി വിലസുകയാണ്. സുരേന്ദ്രനെ ഉടന്‍ കൈയാമം വെച്ച് തടവിലാക്കാന്‍ ഇടതു സര്‍ക്കാര്‍ ഭയക്കുകയാണെന്നും കെകെ അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താക്കുറുപ്പില്‍ കുറ്റപ്പെടുത്തി.