മനുസ്മൃതിയല്ല നമ്മുടെ ഭരണഘടന: പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് കെ കെ രാഗേഷ് രാജ്യസഭയില്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുകയാണ്. സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം സഭയില്‍ അഭിപ്രായപ്പെട്ടു.

Update: 2019-12-12 07:28 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണഘടന മനുസ്മൃതിയല്ലെന്നും പൗരത്വ ഭേദഗതി ബില്ലിനു പിന്നില്‍ ഫാഷിസ്റ്റ് ഹിന്ദുരാഷ്ട്ര അജണ്ടയാണ് ഉള്ളതെന്നും കെ കെ രാഗേഷ് എംപി. പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു സിപിഎം നേതാവുകൂടിയായ രാഗേഷ്.

ബില്ല് മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. നാം ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. ഫാഷിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലല്ലയെന്നും അദ്ദേഹം പറഞ്ഞു. നാം അല്ലങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍വ്വചിക്കപ്പെടുന്നു എന്ന ഗോള്‍വാള്‍ക്കറുടെ ഗ്രന്ഥമല്ല നമ്മുടെ ഭരണഘടന. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ബഹുമാനപ്പെട്ട മന്ത്രിയും സര്‍ക്കാരും പെരുമാറുന്നത് വിചാരധാരയാണ് നമ്മുടെ ഭരണഘടന എന്ന നിലയിലാണ്. യഥാര്‍ത്ഥ അജണ്ട മറച്ചുവെക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുകയാണ്. സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം സഭയില്‍ അഭിപ്രായപ്പെട്ടു.

കെ. കെ രാഗേഷ് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

ഈ ബില്ല് ഭരണഘടനാവിരുദ്ധമാണ്. ഇത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. കൂടാതെ ഇത് ആസം ഉടമ്പടി ലംഘിക്കുന്നതുമാണ്. സര്‍, നിങ്ങള്‍ പൗരത്വത്തിന്റെ അടിസ്ഥാനഘടനയെ മാറ്റിക്കൊണ്ട് മതപരമായ വിവേചനത്തെ നിയമവിധേയമാക്കുകയാണ്. നിങ്ങള്‍ മുസ്‌ലിംങ്ങളൊഴികെയുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെല്ലാം പൗരത്വം നല്‍കുകയാണ്.

ബഹുമാനപ്പെട്ട മന്ത്രി പറയുകയാണ് ഇത് അയല്‍രാജ്യങ്ങളിലെ മതപരമായ വിവേചനത്തിന് വിധേയമായ ന്യൂനപക്ഷത്തിന് വിധേയമായ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണെന്ന്. അതാണ് വസ്തുതയെങ്കില്‍ ബര്‍മ്മയില്‍ വിവേചനത്തിനിരയായ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ കാര്യം എന്തായെന്ന് മന്ത്രി വ്യക്തമാക്കണം. പാക്കിസ്ഥാനില്‍ മതപരമായ പീഡനത്തിനിരയായ അഹമ്മദീയ, ഷിയാ മുസ്‌ലിംങ്ങളുടെ കാര്യം എന്തായി? ശ്രീലങ്കയില്‍ വിവേചനവിധേയരായ തമിഴ് വംശജരുടെ കാര്യം എന്തുസംഭവിച്ചു? ഈ വിഭാഗങ്ങളെക്കുറിച്ച് മന്ത്രി എന്തുകൊണ്ടാണ് ആശങ്കപ്പെടാത്തത്? സര്‍, ഇവയെല്ലാം പരിഹാസ്യമായ വാദങ്ങളാണ്. വാസ്തവത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്, മന്ത്രി ശ്രമിക്കുന്നത് യഥാര്‍ത്ഥ അജണ്ട മറച്ചുവെക്കുന്നതിനുള്ള ഗതികെട്ട നീക്കമാണ്. ആ അജണ്ട ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രത്തിന്റെ അജണ്ടയാണ്. സര്‍, അവര്‍ ഒളി അജണ്ടയുമായി വരികയാണ്. യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെച്ച് ഒളി അജണ്ടയുമായി വരുന്നത് ഭീരുത്വമാണ്. ഭീരുക്കള്‍ മാത്രമാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യുക. നാം ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലല്ല. സര്‍, ഇതാണ് നമ്മുടെ ഭരണഘടന. 'വിചാരധാര'യല്ല നമ്മുടെ ഭരണഘടന.

'നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍വ്വചിക്കപ്പെടുന്നു' എന്ന ഗോള്‍വാള്‍ക്കറുടെ ഗ്രന്ഥവുമല്ല നമ്മുടെ ഭരണഘടന. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ബഹുമാനപ്പെട്ട മന്ത്രിയും സര്‍ക്കാരും പെരുമാറുന്നത് വിചാരധാരയാണ് നമ്മുടെ ഭരണഘടന എന്ന നിലയിലാണ്. മനുസ്മൃതിയല്ല നമ്മുടെ ഭരണഘടന. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന്റെ കവാടം പോയി കാണാന്‍ ഞാന്‍ ബഹുമാനപ്പെട്ട മന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ് അവിടെ നിങ്ങള്‍ക്ക് കാണാം വസുധൈവ കുടുംബകം.

വസുധൈവ കുടുംബകം. സര്‍ എന്തിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നത്. അവര്‍ ജനങ്ങളെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ നോക്കുകയാണ്. ഹിന്ദുത്വത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയത്തിനായി അവര്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുകയാണ്. സര്‍, ഇതിന്റെയൊക്കെ യഥാര്‍ത്ഥ ഉദ്ദേശമെന്താണ്. വാസ്തവത്തില്‍ സര്‍ക്കാറിന് ജനങ്ങളില്‍ നിന്നും പലതും മറച്ചുവെക്കാനുണ്ട്. സര്‍ക്കാറിന് സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടേണ്ടതുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നാം കാണുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്നത് നാം കാണുകയാണ്. നോട്ട് നിരോധനത്തിന്റെ തുഗ്ലക്ക് പരിഷ്‌കാരം നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിയുന്നത് നാം കാണുകയാണ്. സര്‍ക്കാറിനും മന്ത്രിക്കും ഇതില്‍നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടണം. അതുകൊണ്ടാണ് ഇത്തരം നിയമങ്ങളുമായി അവര്‍ വരുന്നത്. ഞാന്‍ ഈ ബില്ലിനെ അപലപിക്കുകയാണ്. ഈ ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.


Tags:    

Similar News