ഇസ്രായേല്‍ സഖ്യ സര്‍ക്കാരിന് കനത്ത തിരിച്ചടി; മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായ പൗരത്വ ബില്‍ നെസറ്റില്‍ പരാജയപ്പെട്ടു
2003ല്‍ താല്‍ക്കാലിക ഉത്തരവായി പാസാക്കിയ 'കുടുംബ പുനസംഘടന നിയമം' ഇസ്രായേലിലെ അറബ് വംശജരെ വിവാഹം കഴിക്കുന്ന ഫലസ്തീനികള്‍ക്ക് പൗരത്വവും താമസാനുമതിയും നല്‍കുന്നത് സ്വയമേവ വിലക്കുന്നതാണ്.
തെല്‍ അവീവ്: ഇസ്രായേല്‍ പൗരന്മാരായ അറബ് വംശജരെ വിവാഹം കഴിക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെയോ ഗസയിലെയോ ഫലസ്ത്വീനികള്‍ക്ക് ഇസ്രായേല്‍ പൗരത്വം നല്‍കുന്നത് വിലക്കുന്ന നിയമം നീട്ടാന്‍ ആവശ്യപ്പെടുന്ന ബില്ല് ചൊവ്വാഴ്ച നെസെറ്റില്‍ പരാജയപ്പെട്ടു.
2003ല്‍ താല്‍ക്കാലിക ഉത്തരവായി പാസാക്കിയ 'കുടുംബ പുനസംഘടന നിയമം' ഇസ്രായേലിലെ അറബ് വംശജരെ വിവാഹം കഴിക്കുന്ന ഫലസ്തീനികള്‍ക്ക് സ്വമേധയാ പൗരത്വവും താമസാനുമതിയും നല്‍കുന്നത് വിലക്കുന്നതാണ്.ഫലസ്ത്വീനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ് സമരം (രണ്ടാം ഇന്‍തിഫാദ) സജീവമായ ഘട്ടത്തിലാണ് സുരക്ഷയുടെ പേര് പറഞ്ഞ് ഈ നിയമം സയണിസ്റ്റ് ഭരണകൂടം ചുട്ടെടുത്തത്. അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്തുത നിയമം വര്‍ഷാവര്‍ഷം നെസറ്റ് (പാര്‍ലമെന്റ്) വോട്ടിനിട്ട് പുതുക്കുകയായിരുന്നു പതിവ്.
തിങ്കളാഴ്ച രാത്രിയായിരുന്നു ഈ നിയമം പുതുക്കേണ്ട അവസാന സമയം. ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുള്ള നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള നെതന്യാഹു വിരുദ്ധ മുന്നണി സര്‍ക്കാര്‍ ബില്ല് വോട്ടിനിട്ടപ്പോള്‍ 59 വോട്ടുകളാണ് അനുകൂലമായി ലഭിച്ചത്. അത്രയും പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഇതിനെതുടര്‍ന്ന് ബില്ല് പരാജയപ്പെട്ടു.
120 അംഗങ്ങളുള്ള നെസറ്റില്‍ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബെന്നറ്റിന്റെ നേതൃത്വത്തില്‍ എഴു പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാര്‍ കഴിഞ്ഞ മാസം അധികാരത്തിലേറിയത്. ഈ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് അന്ന് തന്നെ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലത്തെ വോട്ടെടുപ്പില്‍നിന്ന് ഭരണപക്ഷത്തെ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ രണ്ടംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ ബെന്നറ്റിന്റെ യാമിന പാര്‍ട്ടിയിലെ ഒരംഗവും എതിര്‍ത്തു വോട്ടു ചെയ്തു. ഇസ്രായേലിലെ 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തോട് വലിയ വിവേചനം കാട്ടുന്നതാണ് ഈ നിയമം. താമസിയാതെ ബില്ല് വീണ്ടും നെസറ്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.