പൗരത്വ പ്രക്ഷോഭം: പരിക്കേറ്റയാളെ സന്ദര്‍ശിച്ച യുപി മന്ത്രി മരിച്ച രണ്ട് മുസ്‌ലിംകളുടെ ഗൃഹസന്ദര്‍ശനം ഒഴിവാക്കി
കലാപകാരികളുടെ വീട് താന്‍ സദ്ധര്‍ശിക്കുകയില്ലെന്നും അത് അനാവശ്യമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബിജ്‌നോര്‍: പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭം കത്തിക്കയറിയ ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ വര്‍ഗീയമായ പെരുമാറ്റത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. ഉത്തര്‍പ്രദേശില്‍ ബിജ്‌നോര്‍ ജില്ലയില്‍ പൗരത്വ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭത്തിനിടയില്‍ പരിക്കേറ്റ ഹിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി മരിച്ചുപോയ രണ്ട് മുസ്ലികളുടെ വീട് സന്ദര്‍ശിക്കാതെ ഒഴിവാക്കി. യുപി ആദിത്യനാഥ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍ ആണ് പരിക്കേറ്റ ഓം രാജ് സൈയ്‌നിയെ സന്ദര്‍ശിച്ചതും മരിച്ച മുസഌങ്ങളുടെ കുടുംബസന്ദര്‍ശനം ഒഴിവാക്കിയതും.
ബിജ്‌നോറിലെ പരിക്കുപറ്റിക്കിടന്ന ഓം രാജ് സെയ്‌നയുടെ വീടാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്. തൊട്ടടുത്ത മരണപ്പെട്ടവരുടെ വീട് സന്ദര്‍ശനം ഒഴിവാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത പത്രലേഖകരെ മന്ത്രി മറു ചോദ്യത്തിലൂടെ നേരിട്ടു. കലാപകാരികളുടെ വീട് താന്‍ സദ്ധര്‍ശിക്കുകയില്ലെന്നും അത് അനാവശ്യമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇതേ വീടുകളില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. 20 വസ്സുള്ള സുലൈന്‍മാനും 25 വയസ്സുള്ള അനസും ഇതേ പ്രദേശവാസികളായിരുന്നു.