' മാപ്പിള വേഴ്‌സസ്' : യുവ മലയാളി എഴുത്തുകാരന്റെ പുസ്തകം 'ആമസോണി' ലെ ഹോട് ന്യൂ വിഭാഗത്തില്‍
ഇന്ത്യയിലെ മുസ്‌ലിംകളുടെ ചരിത്രവും, വിശിഷ്യാ മാപ്പിള ചരിത്രവും സമകാലിക അരക്ഷിതാവസ്ഥയും കോര്‍ത്തിണക്കിയുള്ള അസാധാരണമായ കവിതാ സമാഹാരമാണിത്.
മലപ്പറം: മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശിയായ യുവ എഴുത്തുകാരന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം ലോകശ്രദ്ധ നേടുന്നു. ഡല്‍ഹിയിലെ അശോക സര്‍വകശാല അധ്യാപകനും എഴുത്തുകാരനുമായ അജ്മല്‍ ഖാന്‍ അഞ്ചച്ചവിടിയുടെ 'ദ മാപ്പിള വേഴ്‌സസ്' എന്ന ഇഗ്ലീഷ് കവിതാ സമാഹാരമാണ് പുറത്തിറങ്ങി ഓരാഴ്ചക്കു മുന്‍പുതന്നെ ആമസോണില്‍ ഏഷ്യയിലെ കവിതാ വിഭാഗത്തിലും ഇന്ത്യന്‍ ലിറ്ററേച്ചര്‍ വിഭാഗത്തിലും ഹോട് ന്യൂ റിലീസ് പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംനേടി ശ്രദ്ധേയമാകുന്നത്.
ഇന്ത്യയിലെ മുസ്‌ലിംകളുടെ ചരിത്രവും, വിശിഷ്യാ മാപ്പിള ചരിത്രവും സമകാലിക അരക്ഷിതാവസ്ഥയും കോര്‍ത്തിണക്കിയുള്ള അസാധാരണമായ കവിതാ സമാഹാരമാണിത്. മലബാര്‍ വിപ്ലവ പോരാളി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെകുറിച്ചുള്ള മാപ്പിള പാട്ടിലെ മാലപ്പാട്ടു രീതിയില്‍ എഴുതിയ ആദ്യത്തെ ഇംഗ്ലീഷ് മാലകവിതയും ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഹവാക്കല്‍ ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യക്കു പുറത്ത് അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും കാനഡയിലും പുസ്തകം ആമസോണില്‍ ലഭ്യമാണ്.