ദലിത് യുവാവുമായി വിവാഹം; എതിര്‍ത്തതിന് മുസ്‌ലിം യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്ത് യുപി പോലിസ്

ദമ്പതികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടോ എന്ന് ഭരണകൂടം അവലോകനം ചെയ്യുകയാണെന്ന് ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ആദര്‍ശ് സിംഗ് പറഞ്ഞു.

Update: 2021-06-23 06:33 GMT

ബറാബങ്കി (ഉത്തര്‍പ്രദേശ്): ദലിത് യുവാവുമായുള്ള മുസ്‌ലിം യുവതിയുടെ വിവാഹം എതിര്‍ത്തതിന് യുവതിയുടെ ബന്ധുക്കള്‍ക്കെതിരേ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലിസ്. 20കാരിയായ മുസ്‌ലിം യുവതി ഗ്രാമത്തില്‍ തന്നെയുള്ള ദലിത് യുവാവിനെ കഴിഞ്ഞ ആഴ്ച്ചയാണ് വിവാഹം ചെയ്തത്. ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഇത് എതിര്‍ത്തതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടു ബന്ധുക്കളെ പ്രതിയാക്കിയാണ് യുപി പോലിസ് കേസെടുത്തത്. ഇതില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

വീട്ടുകാര്‍ അറിയാതെ ദലിത് യുവാവിനെ ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്ത യുവതിയെ ബന്ധുക്കള്‍ വീട്ടില്‍ തടഞ്ഞുവച്ചിരുന്നു. മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. രണ്ട് അമ്മാവന്‍മാരും ഒരു ബന്ധുവുമാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. യുവതിക്കും ഭര്‍ത്താവിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ഇതിനു പുറമെ ദമ്പതികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടോ എന്ന് ഭരണകൂടം അവലോകനം ചെയ്യുകയാണെന്ന് ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ആദര്‍ശ് സിംഗ് പറഞ്ഞു.

മുസ്‌ലിം യുവാക്കളെ ഹിന്ദു യുവതികള്‍ വിവാഹം ചെയ്യുന്നത് യുപിയിലെ ബിജെപി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. അത്തരം വിവാഹത്തില്‍ ഏര്‍പ്പെടുന്ന മുസ്‌ലിം യുവാക്കളെ കടുത്ത വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടക്കുകയാണ്. ഇത്തരത്തില്‍ നിരവധി കേസുകളാണ് യുപി ഭരണകൂടം ചുമത്തുന്നത്. അതേ ഭരണകൂടം തന്നെയാണ് മുസ്‌ലിം യുവതിയെ ദലിത് യുവാവ് വിവാഹം ചെയ്തത് എതിര്‍ത്തതിന്റെ പേരില്‍ ബന്ധുക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

Tags:    

Similar News