പോലിസ് അതിക്രമം: പോപുലര്‍ ഫ്രണ്ട് ഹരജിയിൽ യുപി സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി
പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ട ഇരുപത് പേരുടെയും മൃതദേഹ പരിശോധന റിപോര്‍ട്ട്, പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധന രേഖകള്‍ എന്നിവയും ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.
ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയിലുണ്ടായ പോലിസ് നടപടികളെ കുറിച്ച് അലഹാബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പോലിസ് അതിക്രമത്തിനെതിരേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നൽകിയ പൊതുതാല്പര്യ ഹരജി കോടതി കേട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലിസ് നടപടികളെ കുറിച്ച് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ട ഇരുപത് പേരുടെയും മൃതദേഹ പരിശോധന റിപോര്‍ട്ട്, പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധന രേഖകള്‍ എന്നിവയും ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്. ആ സമയത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെ കുറിച്ചും സര്‍ക്കാര്‍ വിശദീകരണം നല്‍കണം.
റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിന്റെയോ ഹൈക്കോടതി ജഡ്ജിന്റെയോ മേല്‍നോട്ടത്തില്‍ ഡിസംബര്‍ 15 മുതലുള്ള പോലിസ് അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പിന്‍വലിക്കണം. പ്രക്ഷോഭ സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസ് അടച്ചുപൂട്ടിയ കടകള്‍ തുറക്കാന്‍ ഉത്തരവിറക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ ഏറ്റവും ശക്തമായ സമരം നടന്ന ഉത്തര്‍ പ്രദേശില്‍ 25 ഓളം പേരെയാണ് പോലിസ് വെടിവച്ചുകൊന്നത്. കൂടാതെ പ്രക്ഷോഭകര്‍ക്കെതിരേ നിരവധി ജാമ്യമില്ലാ കേസുകളും പിഴയും ചുമത്തിയിരുന്നു. നിരവധി പേരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
കമാല്‍ കൃഷ്ണ റോയി, അന്‍സാറുല്‍ ഹഖ്, മുഹമ്മദ് യൂസുഫ്, സായ്പന്‍ ഷെയ്ഖ്, നഫീസ് അഹമ്മദ്, രമേഷ് കുമാര്‍, ചാര്‍ലി പ്രകാശ്, മുഹമ്മദ് നിസാം ഉദ്ദിന്‍, മുഹമ്മദ് ആബിദ്, ഷറഫുദ്ദീന്‍ അഹമദ് എന്നിവര്‍ എന്നിവർ അടങ്ങുന്ന അഭിഭാഷക സംഘമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു വേണ്ടി ഹാജരായത്.