പൗരത്വ പ്രക്ഷോഭം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യുപി പോലിസ് മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

ക്രൂരതകള്‍ മറച്ചുവെക്കുന്നതിനായി, മുസാഫര്‍നഗറിലെ മദ്രസയുടെ തലവന്മാരോട് അവരുടെ വിദ്യാര്‍ഥികളാരും ഒരു പീഡനത്തിനും വിധേയരായില്ലെന്ന് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Update: 2020-02-11 07:37 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉത്തര്‍പ്രദേശ് പോലിസ്, തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് റിപോര്‍ട്ട്. ഓരോ തവണ ഉറങ്ങിപ്പോകുമ്പോഴും കുട്ടികളെ പോലിസ് മര്‍ദിക്കുകയായിരുന്നുവെന്ന് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലായി കുട്ടികള്‍ നേരിട്ട ക്രൂരത പുറത്തുകൊണ്ടുവന്നത് ദ ക്വില്‍ ഫൗണ്ടേഷനാണ്.

മുസാഫര്‍നഗര്‍, ഫിറോസാബാദ്, ബിജ്‌നോര്‍ തുടങ്ങിയ ജില്ലകളിലായിരുന്നു സംഭവം. 41 കുട്ടികള്‍ ഇത്തരത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപോര്‍ട്ട്. ബിജ്‌നോറില്‍ തടവിലാക്കപ്പെട്ട കുട്ടികള്‍ക്ക്, കടുത്ത തണുപ്പില്‍ പുതപ്പ് പോലും നല്‍കിയിരുന്നില്ല. ഇതുകൂടാതെ, പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പോലിസ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് അവരുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുമെന്നും റിപോര്‍ട്ട് അവകാശപ്പെടുന്നു. പോലിസ് അവരുടെ ക്രൂരതകള്‍ മറച്ചുവെക്കുന്നതിനായി, മുസാഫര്‍നഗറിലെ മദ്രസയുടെ തലവന്മാരോട് അവരുടെ വിദ്യാര്‍ഥികളാരും ഒരു പീഡനത്തിനും വിധേയരായില്ലെന്ന് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മുസാഫര്‍നഗറില്‍ തടവിലാക്കപ്പെട്ട കുട്ടികള്‍ക്ക് പോലിസ് വെള്ളം പോലും നല്‍കിയിരുന്നില്ല. കുട്ടികളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും റിപോര്‍ട്ടുണ്ട്. അതേസമയം ബിജ്‌നോറില്‍ ആവശ്യത്തിലധികം വെള്ളം കൊടുക്കുകയും, വാഷ്‌റൂം ഉപയോഗിക്കണമെന്ന് പറയുന്നവരെ പോലിസ് അടിക്കുകയായിരുന്നുവെന്നും ദ ക്വിന്റ് റിപോര്‍ട്ടില്‍ പറയുന്നു.

രണ്ട് മണിക്കൂര്‍ ഇടവിട്ട് പോലിസ് ഞങ്ങളെ ലാത്തി കൊണ്ട് തല്ലുകയായിരുന്നു. അരയ്ക്ക് താഴെയായാണ് മര്‍ദിച്ചത്. 15 ദിവസത്തേക്ക് നടക്കാന്‍ പോലും സാധിച്ചില്ല. വെള്ളിയാഴ്ച മുതല്‍ തടഞ്ഞുവെച്ച ഞങ്ങളെ ഞായറാഴ്ചയാണ് പോലിസ് വിട്ടയച്ചത്. അതുവരെ പോലിസ് ക്രൂരമായി ഉപ്രദ്രവിക്കുകയായിരുന്നുവെന്നും തടഞ്ഞുവെക്കപ്പെട്ട കുട്ടി പറയുന്നു. എന്നാല്‍ പുറത്തുവന്നിരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നാണ് മുസാഫര്‍നഗര്‍ അഡീഷണല്‍ എസ്പി സത്പാല്‍ പ്രതികരിച്ചത്.

റിപോര്‍ട്ട് അനുസരിച്ച്, പോലിസ് നടത്തിയത് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ചട്ടങ്ങള്‍ അനുസരിച്ച്, ഒരു കുട്ടിയെയും നിസ്സാരമോ ഗുരുതരമായതോ ആയ കുറ്റത്തിന് പിടികൂടേണ്ടതില്ലെന്ന ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്.എല്ലാ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും സ്വകാര്യതയ്ക്കുള്ള അവകാശം ജുവനൈല്‍ ജസ്റ്റിസ ആക്റ്റ് നല്‍കുന്നു. കുട്ടികളുടെ വ്യക്തിത്വം പരസ്യമായി വെളിപ്പെടുത്തുന്നും കുറ്റകരമാണ്. യുപിയിലെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ എല്ലാ അക്രമ കേസുകളിലും ദേശീയ അന്തര്‍ദേശീയ നിയമങ്ങളുടെയും തത്വങ്ങളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും വ്യക്തമായ ലംഘനമുണ്ട്.  


Full View

Tags:    

Similar News