ഇതര സമുദായത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് സംവരണം നഷ്ടമാകാന്‍ കാരണമാകില്ല:ഹൈക്കോടതി
വിവാഹത്തിന്റെ പേരില്‍ സംവരണ ആനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ഇടുക്കി സ്വദേശിനി നല്‍കിയ ഹരജിയിലാണു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഇതു വ്യക്തമാക്കിയത്.
സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിനാല്‍ ഹരജിക്കാരിക്ക് വില്ലേജ് ഓഫിസര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു.ഈ നടപടി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.ഹരജിക്കാരിക്ക് രണ്ടാഴ്ചക്കുള്ളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു വില്ലേജ് ഓഫിസര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.ഇതു സംബന്ധിച്ച് മുന്‍ കാലങ്ങളില്‍ സുപ്രിം കോടതിയുടേയും,ഹൈക്കോടതിയുടേയും വിധികളുണ്ടെന്നും സിംഗിള്‍ബെഞ്ച് വിശദീകരിച്ചു.
ഹരജിക്കാരി 2005ല്‍ സിറോ മലബാര്‍ വിഭാഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ചു. ഇതിനുശേഷം എല്‍പി സ്‌കൂള്‍ അധ്യാപികയായി പിഎസ്‌സി മുഖേന നിയമനം ലഭിച്ചു. തുടര്‍ന്ന് ഇരട്ടയാര്‍ വില്ലേജ് ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയപ്പോള്‍ സിറോ മലബാര്‍ സഭയില്‍ പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍പെട്ടയാളാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.